കോവിഡിനെ തുടർന്ന് വരുമാന മാർഗമായിരുന്ന ഹോട്ടല്‍ അടച്ച് പൂട്ടി: ഭാര്യയുടെ രോഗം മൂർച്ഛിച്ചു; വടകരയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ മാനസിക പ്രയാസമെന്ന് നാട്ടുകാർ
വടകര: തിരുവള്ളൂരിൽ ഭാര്യയെ കൊന്ന ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ പിന്നിൽ മാനസിക പ്രയാസമെന്ന് നാട്ടുകാർ. ഇന്ന് രാവിലെയാണ് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലല്‍ (68), ഭാര്യ ലീല (63) എന്നിവരാണ് മരിച്ചത്.
അർബുദ രോഗത്താൽ വലയുകയായിരുന്നു ലീല. ലീലയെ കഴുത്ത് ഞെരിച്ചുകൊന്നശേഷം ഗോപാലന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലന്‍ വരാന്തയിലെ സണ്‍ഷേഡിന്റെ ഹൂക്കില്‍ തൂങ്ങിമരിച്ച നിലയിലുമാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം അറിയുന്നത്. ഇവര്‍ക്ക് മക്കളില്ല.
വടകരയില്‍ ഹോട്ടല്‍ വാടകയ്ക്ക് എടുത്ത് നടത്തിയായിരുന്നു ഗോപാലൻ തന്റെ ഉപജീവന മാർഗ്ഗം കണ്ടെത്തിയത്. എന്നാൽ കോവിഡ് മൂലം നിയന്ത്രണങ്ങൾ വന്നതോടെ കട അടച്ചുപൂട്ടേണ്ട അവസ്ഥയിലാവുകയായിരുന്നു. മറ്റൊരു ഹോട്ടൽ വീണ്ടും ആരംഭിക്കാനിരിക്കെയാണ് ലീലയുടെ അസുഖം കൂടുന്നത്. ഈകാരണങ്ങളാൽ ഗോപാലന്‍ ഏറെ മാനസികപ്രയാസത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.