ആവേശമായി കൊയിലാണ്ടിയിൽ ഞാറ്റുവേലച്ചന്തയ്ക്ക് ആരംഭം; കാണാം നെൽവിത്ത് പ്രദർശനം, ആസ്വദിക്കാം നാടൻപാട്ടുകൾ, വാങ്ങാം കാർഷികോല്പന്നങ്ങൾ


കൊയിലാണ്ടി: നാടൻ പാട്ടും നെൽവിത്ത് പ്രദർശനവുമായി കൊയിലാണ്ടിയിൽ ഞാറ്റുവേലച്ചന്തയ്ക്ക് ആരംഭം. നഗരസഭ കൃഷിഭവൻ, കൃഷിശ്രീകാർഷിക സംഘം എന്നിവയുമായി ചേർന്നാണ് കൊയിലാണ്ടി നഗരസഭ ഞാറ്റുവേലച്ചന്ത ആരംഭിച്ചത്.

വൃക്ഷത്തൈകൾ, നടീൽ വസ്തുക്കൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയുടെ വിൽപ്പനയോടൊപ്പം കാർഷിക ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്. ചന്തയിൽ കൗതുകമായി അപൂർവയിനം നെൽവിത്തുകളുടെ പ്രദർശനവുമുണ്ട്. സന്ദർശകർക്ക് ആവേശം പകർന്നു നാടൻ പാട്ടും ചന്തയുടെ ഭാഗമായി നടക്കും.

ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച ചന്ത നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ, കെ.ഷിജു, ഇ.കെ.അജിത്, കെ.എ ഇന്ദിര, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിം കുട്ടി, എം.പ്രമോദ്, സി.സുധ, കൃഷി ഓഫീസർ അംന, ശശി കോട്ടിൽ, കൃഷിശ്രീ കാർഷിക സംഘം സെക്രട്ടറി രാജഗോപാൽ എന്നിവർ സംസാരിച്ചു.