നടന്‍ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: മലയാളികളുടെ പ്രിയ നടന്‍ മാമുക്കോയ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ബുധനാഴ്ച ഉച്ചയ്ക്ക് 01:05 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഉണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മലയാളികളെ ഏറ്റവും കൂടുതല്‍ പൊട്ടിച്ചിരിപ്പിച്ച ഹാസ്യനടന്മാരില്‍ ഒരാളാണ് മാമുക്കോയ. ട്രോളുകളിലൂടെയും മറ്റും ഇന്നും മാമുക്കോയയുടെ പഴയ ഹാസ്യ കഥാപാത്രങ്ങള്‍ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. കോഴിക്കോടന്‍ ഭാഷ മനോഹരമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ചതും മാമുക്കോയയെ ശ്രദ്ധേയനാക്കി. കുതിരവട്ടം പപ്പുവില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയായിരുന്നു അദ്ദേഹത്തിന്റെ കോഴിക്കോടന്‍ ഭാഷയുടെ പ്രത്യേകത.
നാടകത്തില്‍ നിന്നാണ് മാമുക്കോയ സിനിമയിലെത്തുന്നത്. വിദ്യാര്‍ത്ഥി കാലം മുതല്‍ തന്നെ അദ്ദേഹം നാടകരംഗത്ത് സജീവമായിരുന്നു. സ്‌കൂള്‍ കാലത്തിന് ശേഷം കല്ലായിയില്‍ മരം അളക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. ഇതിനൊപ്പം നാടകത്തിലും അദ്ദേഹം സജീവമായി. മലബാറിലെ നിരവധി നാടകപ്രവര്‍ത്തകരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.
സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലന്‍ സംവിധായകനായ ‘അന്യരുടെ ഭൂമി’ (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982-ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജന്‍ സംവിധാനം ചെയ്ത സ്നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം.
പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു. 450 ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം.എം ഹൈസ്‌കൂളിലാണ് പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്.
സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.