അനുജന് പിന്നാലെ ജ്യേഷ്ഠനും, കീഴരിയൂരിലെ മധുസൂധനന്റെ മരണത്തോടെ നഷ്ടമായത് ഊർജ്ജസ്വലനായ പൊതുപ്രവർത്തകനെ


കീഴരിയൂർ: ശാരീരിക അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ മധുസൂധനൻ ആരോ​ഗ്യവാനായി തിരികെ വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകളെല്ലാം വിഫലമാക്കി എന്നന്നേക്കുമായി മധുസൂധനൻ വിടവാങ്ങി. രാഷ്ട്രീയ രം​ഗത്തും പൊതുപ്രവർത്തനത്തിലും സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സഹപ്രവർത്തകരുമെല്ലാം.

ഇന്നലെ രാത്രിയിലാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മധുസൂധനനെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ യാത്രാമധ്യേ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരണപ്പെട്ടു.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് മധുസൂധനൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. പ്രസ്ഥാനത്തിന് വേണ്ടി രാവും പകലുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വ്യക്വിത്വം. എന്താവശ്യത്തിനും ഓടിച്ചെല്ലാവുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിനെന്ന് സഹപ്രവർത്തകർ പറയുന്നു.

അച്ഛന് സംഭവിച്ച അപകടത്തെ തുടര്‍ന്ന് റെയില്‍വേ ജോലിയില്‍ നിന്ന് മാറി നിന്നപ്പോള്‍ ലഭിക്കേണ്ട ജോലി രാഷ്ട്രീയ പ്രവര്‍ത്തകനാകണം എന്ന ആഗ്രഹത്താല്‍ അനുജന് കൈമാറി. കെ.എസ്.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചു. കോഴിക്കോട് ഡി.സിസി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ കേരള ബാങ്ക് കൊയിലാണ്ടി ഈംവനിംഗ് ശാഖ ജീവനക്കാരനായിരുന്നു.

ALSO READ- കീഴരിയൂരിലെ സജീവ കോൺ​ഗ്രസ് പ്രവർത്തകൻ തെക്കയില്‍ മധുസൂധനന്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

അകാലത്തിൽ സഹോദരൻ മഞ്ജുഷ് വിടപറഞ്ഞപ്പോൾ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു മധുസൂധനൻ. എന്നാൽ വിധി അദ്ദേഹത്തെയും കവർന്നെടുത്തു.