കൊയിലാണ്ടി താലൂക്കിലെ എൽ.പി.ജി ക്ഷാമം ഉടന്‍ പരിഹരിക്കണമെന്ന് സി.ഐ.ടി.യു


പയ്യോളി: കൊയിലാണ്ടി താലൂക്കിലെയും വടകര താലൂക്കിലെയും എൽ.പി.ജി ക്ഷാമം പരിഹരിക്കാനായി അടിയന്തര നടപടി വേണമെന്ന് സി.ഐ.ടി.യു പയ്യോളി ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒരാഴ്ചയായി പയ്യോളിയിലെ എല്‍.പി.ജി ഫില്ലിങ് കേന്ദ്രം അടച്ചിട്ടതിനാലാണ് ക്ഷാമം അനുഭവപ്പെടുന്നത്.

ക്ഷാമം ഉള്ളതിനാല്‍ എല്‍.പി.ജിയിൽ ഓടുന്ന നൂറുകണക്കിന് ഗുഡ്‌സ് ഓട്ടോറിക്ഷകളിലെ തൊഴിലാളികള്‍ സര്‍വ്വീസ് നടത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ട് താലൂക്കുകള്‍ക്കുമായുള്ള ഏക ഫില്ലിങ് കേന്ദ്രമാണ് പയ്യോളിയിലേത്. യന്ത്രത്തിലെ ലീക്ക് കാരണമാണ് കേന്ദ്രം അടച്ചിട്ടതെന്നാണ് വിശദീകരണം. ലീക്ക് കണ്ടെത്താന്‍ ഇതുവരെ സാങ്കേതിക വിദഗ്ധര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

സി.ഐ.ടി.യു ഏരിയാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കെ.കെ.മമ്മു അധ്യക്ഷനായി. സെക്രട്ടറി കെ.കെ.പ്രേമന്‍, പ്രവീണ്‍ കുമാര്‍, എന്‍.ടി.രാജന്‍, എം.ടി.ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.