‘മത ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ല’, പ്ലക്കാര്‍ഡുകളും തീപ്പന്തങ്ങളുമേന്തി തെരുവിലിറങ്ങി ജനങ്ങള്‍; സി.എ.എയ്‌ക്കെതിരെ പയ്യോളിയില്‍ കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നൈറ്റ്മാര്‍ച്ച്


പയ്യോളി: പൗരത്വ ഭേദഗതി വിജ്ഞാപനത്തിനെതിരെ പയ്യോളിയില്‍ വന്‍ പ്രതിഷേധം. കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ വന്‍ ജനക്കൂട്ടം പങ്കാളികളായ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മത ന്യനപക്ഷങ്ങളെ വേട്ടായാടാന്‍ അനുവദിക്കില്ലെന്നും മതത്തിന്റെ പേരില്‍ നാടിനെ വിഭജജിക്കുകയാണ് സി.എ.എ നിയമെന്നും മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

പയ്യോളി മാണിക്കോത്ത് നിന്നും ആരംഭിച്ച നൈറ്റ്മാര്‍ച്ച് പയ്യോളി ടൗണില്‍ വരെ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി ആളുകളാണ് നൈറ്റ് മാര്‍ച്ചില്‍ പങ്കാളികളായത്. തീ പന്തങ്ങളും പ്ലക്കാര്‍ഡുമേന്തി മുദ്രാവാക്യം വിളിച്ചാണ് ആളുകള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധക്കടലിരമ്പി നീണ്ട നിരയാണ് റോഡിലൂടെ ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം തലശ്ശേരിയിലും കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സി.എ.എ വിരുദ്ധ മാര്‍ച്ചില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. പൗരത്വഭേദഗതി വിജ്ഞാപനത്തിനെതിരെ ഓരോ പ്രദേശങ്ങളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതിലുളള പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു.

നൈറ്റ്മാര്‍ച്ചിന്റെ ഉദ്ഘാടനം കെ.കെ.ശൈലജ നിര്‍വ്വഹിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ, കെ. ദാസന്‍, കെ.മുഹമ്മദ്, എന്‍.പി ഷിബു, എം.പി ശിവാന്ദന്‍, സി.സത്യേന്ദ്രന്‍, സുരേഷ് ചങ്ങാടത്ത് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.