ഗതാ​ഗതക്കുരുക്കിന് ആശ്വാസം; ​മൂരാട് പുതിയപാലം താത്ക്കാലികമായി തുറന്നു,ദൃശ്യങ്ങൾ കാണാം


പയ്യോളി: മൂരാട് പുതിയ പാലം താത്ക്കാലികമായി ​ഗതാ​ഗതത്തിനായി തുറന്ന് കൊടുത്തു. പ്രദേശത്ത് അനുഭവപ്പെടുത്ത കടുത്ത ​ഗതാ​ഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തിയുടെ ഭാ​ഗമായാണ് ഇന്ന് വെെകീട്ട് ആറുമണിയോടെ പാലം തുറന്ന് നൽകിയത്. എം.എൽ.എ കാനത്തിൽ ജമീല, എൻ.എച്ച്.എ.ഐ അധീകൃതർ തുടങ്ങിയവർ സ്ഥലത്ത് എത്തി സ്ഥിതി​ഗതികൾ വിലയിരുത്തി.

പതിറ്റാണ്ടുകൾ പഴക്കമുള്ള മൂരാടെ പാലത്തിലൂടെയായിരുന്നു വാഹനങ്ങൾ കടന്നുപോയിരുന്നത്. പാലത്തിന് വീതി കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് ഇരുവശത്തേക്കും ഒരേ സമയം സഞ്ചരിക്കാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് മൂരാട് പാലത്തിന് സമീപം ​ഗതാ​ഗതക്കുരുക്ക് സ്ഥിരം കാഴ്ചയായിരുന്നു. പാലത്തിന് ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര തന്നെ ദൃശ്യമായിരുന്നു. മണിക്കൂറുകളാണ് വാഹനങ്ങൾ മൂരാട് പാലം കടന്നു പോകുന്നതിനായി എടുത്തിരുന്നത്.

എന്നാൽ വീതി കൂടിയ പുതിയ പാലത്തിലൂടെ ഇരു വശത്തേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഒരേ സമയം കടന്നു പോകാൻ സാധിക്കും. ഇതോടെ മൂരാട് അനുഭവപ്പെട്ടിരുന്ന ​ഗതാ​ഗതക്കുരുക്കും ഇല്ലാതാകുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.