മലപ്പുറത്ത് സ്റ്റീല്‍ റോളുമായി വന്ന ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറി, മൂന്ന് പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കാണാം (വീഡിയോ)


മലപ്പുറം: മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്. സ്റ്റീല്‍ റോളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മറിഞ്ഞ ലോറി സമീപമുണ്ടായിരുന്ന കാറിനും സ്‌കൂട്ടറിനും മേലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മുണ്ടുപറമ്പ് ബൈപ്പാസിലൂടെ കോഴിക്കോടേക്ക് പോകുകയായിരുന്നു ലോറി. ഇറക്കം ഇറങ്ങി വരുമ്പോള്‍ ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മറിഞ്ഞ ലോറി കാറില്‍ ഇടിക്കുകയും തുടര്‍ന്ന് ഈ കാര്‍ തെറിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിക്കുകയുമായിരുന്നു. ഇതെല്ലാം സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായി കാണാം.

സ്‌കൂട്ടര്‍ യാത്രികനായിരുന്ന കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ഷാഫിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തൂണിനിടയില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറി ഡ്രൈവറും സമീപത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരനുമാണ് അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേര്‍.

വീഡിയോ കാണാം: