ലോറി ബ്രേക്ക് ഡൗണായി; കൊയിലാണ്ടി നഗരത്തെ നിശ്ചലമാക്കി മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തെ വീര്‍പ്പ് മുട്ടിച്ച് വന്‍ ഗതാഗതക്കുരുക്ക്. ദേശീയപാതയില്‍ പൊലീസ് സ്റ്റേഷന് സമീപം ലോറി ബ്രേക്ക് ഡൗണായതോടെയാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഇതേ തുടര്‍ന്ന് കിലോമീറ്ററുകളോളമാണ് വാഹനങ്ങള്‍ നിശ്ചലമായി കിടന്നത്.
വൈകീട്ട് അഞ്ച് മണിയോടെയാണ് ലോറി ബ്രേക്ക് ഡൗണായത്. തുടര്‍ന്ന് ഇഴഞ്ഞ് നീങ്ങാന്‍ തുടങ്ങിയ വാഹനങ്ങള്‍ സമയം കഴിയുന്തോറും ഏതാണ്ട് നിശ്ചലമായി. വടക്ക് ഭാഗത്ത് മൂടാടി ടൗണ്‍ വരെയും തെക്ക് ഭാഗത്ത് ചെങ്ങോട്ടുകാവ് വരെയും വാഹനങ്ങള്‍ നിശ്ചലമായി കിടന്നു.
താമരശ്ശേരിക്കും അരിക്കുളം ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ പോകുന്ന കൊയിലാണ്ടി റെയില്‍വേ ഓവര്‍ ബ്രിഡ്ജിലും വാഹനങ്ങള്‍ കെട്ടിക്കിടന്നു. ചില വാഹനങ്ങള്‍ വരി തെറ്റായ വശത്തുകൂടെ മുന്നോട്ട് കയറിയതോടെയാണ് പാലത്തിലും കുരുക്ക് രൂക്ഷമായത്.
കൊയിലാണ്ടി നഗരത്തില്‍ ദേശീയപാതയിലെയും സംസ്ഥാനപാതയിലെയും ഗതാഗതക്കുരുക്ക് ഏതാണ്ട് മൂന്ന് മണിക്കൂറോളമാണ് നീണ്ടുനിന്നത്. കേടായ ലോറിയുടെ തകരാര്‍ പരിഹരിച്ച് റോഡില്‍ നിന്ന് നീക്കിയതോടെയാണ് ഗതാഗതക്കുരുക്ക് കുറഞ്ഞു തുടങ്ങിയത്. കൊയിലാണ്ടി പൊലീസും ട്രാഫിക് പൊലീസും ഏറെ പണിപ്പെട്ടാണ് നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്നത്.