കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനത്തിനൊരുങ്ങി കൊയിലാണ്ടി; സ്വാഗതസംഘം ഓഫീസ് തുറന്നു


കൊയിലാണ്ടി: സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടി ഒരുങ്ങി. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ സാധാരണക്കാരന്റെ അത്താണിയായ സഹകരണ മേഖലയെ തകർക്കാനുളള ഗൂഡാലോചനയാണ് ബി.ജെ.പി സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കാനത്തിൽ ജമീല പറഞ്ഞു. ജില്ലാ സെക്രട്ടറി എം.കെ.ശശി അധ്യക്ഷത വഹിച്ചു. ഇ.പി.രാഗേഷ്, എം.ശ്രീകുമാർ, എം.ബാലകൃഷ്ണൻ, സജീവൻ, പ്രസന്ന, പവിത്രൻ, വിഷ്ണു എന്നിവർ സംസാരിച്ചു. കെ.ബിജയ് സ്വാഗതവും മറീന നന്ദിയും പറഞ്ഞു.

ഒക്ടോബർ 14, 15 തിയ്യതികളിലായി കൊയിലാണ്ടി ടൗൺഹാളിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഏഴിന് സഹകരണ സെമിനാർ സംഘടിപ്പിക്കും. കേന്ദ്ര നയങ്ങളും സഹകരണ മേഖലയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്യും. കൂടാതെ വിളംബര ജാഥ, കലാ കായിക മത്സരങ്ങൾ തുടങ്ങിയ പരിപാടികയും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും.