മഴ പെയ്താല്‍ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താകെ വെള്ളക്കെട്ട്; അപകടഭീഷണിയില്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളും, അപകടമുണ്ടാവണോ, പരിഹാരമുണ്ടാവാൻ? (വീഡിയോ കാണാം)


കൊയിലാണ്ടി: ഒരു മഴ പെയ്താല്‍ മതി, ദേശീയപാതയും പരിസരവുമാകെ വെള്ളത്തില്‍ മുങ്ങും. പിന്നെ അപകടമുണ്ടാകുമോ എന്ന ആശങ്കയോടെയാണ് കാല്‍നടയാത്രക്കാരും വാഹനങ്ങളുമെല്ലാം ഇതുവഴി കടന്ന് പോവുക. കൊയിലാണ്ടി സ്‌റ്റേറ്റ് ബാങ്ക് പരിസരത്താണ് ഈ ദുരവസ്ഥ.

നൂറുകണക്കിന് കാല്‍നടയാത്രക്കാരും ആയിരക്കണക്കിന് വാഹനങ്ങളുമാണ് കൊയിലാണ്ടിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സ്റ്റേറ്റ് ബാങ്ക് പരിസരത്തുകൂടെ ഓരോ ദിവസവും കടന്ന് പോകുന്നത്. ഒരു മഴ പെയ്താല്‍ ഈ മുഴുവനാളുകളും അപകടമുണ്ടാകുമോ എന്ന ആശങ്കയോടെയാണ് ഇതുവഴി നടന്നും വാഹനമോടിച്ചും കടന്ന് പോവുക.

ശക്തമായ ഒരു മഴ പെയ്താല്‍ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. ദേശീയപാതയും വശങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിയാല്‍ പിന്നെ റോഡേതാണ് റോഡിലെ കുഴിയേതാണ് എന്നൊന്നും യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയില്ല. ഇതാണ് ഇവിടെ അപകടഭീഷണിയാവുന്നത്. മഴ പെയ്ത് വെള്ളക്കെട്ട് രൂപപ്പെട്ടാല്‍ അത് മണിക്കൂറുകളോളം അവിടെ തുടരും. പിന്നിട് മഴ നിന്ന് കഴിഞ്ഞ് വളരെ പതുക്കെ മാത്രമേ റോഡില്‍ നിന്ന് വെള്ളം വലിയൂ.

വെള്ളിയാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഇവിടെ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷന് സമീപം വാഗാഡിന്റെ ലോറി ബ്രേക്ക് ഡൗണായത് കാരണം നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായത്. ബാങ്ക് പരിസരത്തെ വെള്ളക്കെട്ട് കൂടിയായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.

ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും ഏറെ പണിപ്പെട്ടാണ് ഈ ഭാഗം കടന്ന് പോയത്. കെട്ടിക്കിടക്കുന്ന ചെളിയില്‍ അകപ്പെടാതെയും കുഴിയില്‍ വീഴാതെയും യാത്രക്കാര്‍ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.

വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കി പ്രശ്‌നം പരിഹരിക്കണമെന്നാണ് യാത്രക്കാരും ഇവിടെയുള്ള വ്യാപാരികളും ആവശ്യപ്പെടുന്നത്. ഒരു അപകടമുണ്ടാവുന്നതിന് മുമ്പ് പരിഹാരമുണ്ടാകേണ്ടത് അനിവാര്യമാണെന്നും ഇവര്‍ പറയുന്നു.

വീഡിയോ കാണാം: