തോണി മറിഞ്ഞ് മണിക്കൂറുകൾ പിന്നിടുന്നു; ഉരുപുണ്യ കാവ് കടലോരത്ത് കാണാതായ മുത്തായം സ്വദേശിക്കായുള്ള തിരച്ചിൽ അതിശക്തം; രക്ഷാപ്രവർത്തനത്തിനായി പോലീസിനും അഗ്നിശമന സേനയ്ക്കും കോസ്റ്റൽ ഗാർഡിനുമൊപ്പം നാട്ടുകാരും മത്സ്യത്തൊഴിലാളികളും രംഗത്ത്


കൊയിലാണ്ടി: തോണി മറിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഉരുപുണ്യ കാവ് കടലിൽ കാണാതായ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തിരച്ചിൽ അതിശക്തമായി തുടരുകയാണ്. മുത്തായം സ്വദേശിയായ ഷിഹാബിനെയാണ് കാണാതായത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ മത്സ്യബന്ധനത്തിനിടയിൽ അതിശക്തമായ തിരയിൽപ്പെട്ട് തോണി മറിയുകയായിരുന്നു.

മൂന്നു പേരടങ്ങിയ സംഘമാണ് ഇന്ന് രാവിലെ വള്ളത്തിൽ കടലിലേക്ക് പുറപ്പെട്ടത്. മത്സ്യബന്ധനത്തിനിടെ വഞ്ചി തലകീഴായി മറിയുകയായിരുന്നു. രണ്ടു പേർ നീന്തി രക്ഷപെട്ടു. നന്തി കടലൂർ സ്വദേശികളായ സമദും ഷിമിത്തുമാണ് രക്ഷപെട്ടത്.

‘കരയോടടുത്താണ് വള്ളം മറിഞ്ഞത്, രണ്ടു പേർ നീന്തി കരയിലെത്തുകയുണ്ടായെന്നും കാണാതായ ഷിഹാബിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നാട്ടുകാരുടെയും മത്സ്യ തൊഴിലാളികളുടെയും സഹായത്തോടെ പോലിസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുന്നു. കോസ്റ്റൽ ഗാർഡും ബോട്ടിൽ തിരച്ചിലിനായി എത്തിയിട്ടുണ്ട്.

മീൻ പിടിക്കുന്നതിനിടയിൽ പെട്ടെന്ന് കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകുകയായിരുന്നു. കൂറ്റൻ തിരയിൽപ്പെട്ട് ഇവരുടെ തോണി മറിഞ്ഞതാണെന്നാണ് സംഭവ സ്ഥലത്തു നിന്ന് മത്സ്യ തൊഴിലാളികൾ പറയുന്നത്.