ലെെസൻസില്ലാതെ പ്രവർത്തിച്ചാൽ പിടിവീഴും; ആ​ഗസ്ത് ഒന്നുമുതൽ കൊയിലാണ്ടിയിൽ ഭക്ഷണ വിതരണത്തിന്‌ രജിസ്ട്രേഷൻ മതിയാവില്ല; ലൈസൻസ്‌ നിർബന്ധം


കൊയിലാണ്ടി: ലെെസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ ആ​ഗസ്ത് ഒന്നുമുതൽ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്‌. ഭക്ഷ്യവസ്‌തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക്‌ ലൈസൻസ്‌ നിർബന്ധമാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ആഗസ്ത് ഒന്ന്, രണ്ട് തിയ്യതികളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനവ്യാപകമായി ലൈസൻസ് പരിശോധനാ ഡ്രൈവും നടത്തും.

ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ മുഴുവൻ ഭക്ഷ്യ സംരംഭകരെയും കൊണ്ടുവരാനാണ് ലക്ഷ്യം. ആഗസ്‌ത്‌ ഒന്നിനുശേഷം ലൈസൻസ് ഇല്ലാത്ത ഭക്ഷ്യ സംരംഭ സ്ഥാപനങ്ങൾ അനുവദിക്കില്ലെന്ന്‌ ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമീഷണർ എ സക്കീർ ഹുസൈൻ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006ലെ വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യ സുരക്ഷ ലൈസൻസ് (എഫ്‌എസ്‌എസ്‌എഐ ലൈസൻസ്‌) എടുക്കണം. സ്വന്തമായി ഭക്ഷണം നിർമിച്ച് വിൽപ്പന നടത്തുന്നവർ, പെറ്റി റീടെയ്‌ലർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടി കച്ചവടക്കാർ, താൽക്കാലിക കച്ചവടക്കാർ എന്നിവർക്കുമാത്രമാണ് രജിസ്ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാനാവുക.

കൂടുതൽ ജീവനക്കാരുള്ള തട്ടുകടക്കാരും ലൈസൻസ് എടുക്കണം. പലരും ലൈസൻസിന്‌ പകരം രജിസ്ട്രേഷൻമാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ലൈസൻസ് ലഭിക്കാൻ foscos.fssai.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. 2000 രൂപയാണ് ഒരു വർഷത്തേക്കുള്ള ഫീസ്.

Summary: License is mandatry for food distribtion in kerala