കുറ്റ്യാടി കനാല്‍ 20ന് തുറക്കും: ആദ്യം വെള്ളം എത്തുക കൊയിലാണ്ടി ഭാ​ഗത്തേക്കുള്ള ഇടതുകര കനാലിൽ


കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിക്കു കീഴിലെ കനാല്‍ ഷട്ടര്‍ 20ന് തുറക്കും. കൊയിലാണ്ടി ഇടതുകര ഭാഗത്തെ കനാലാണ് ആദ്യം തുറക്കുക. ഫെബ്രുവരി 24 നുള്ളിൽ കൊയിലാണ്ടി മേഖലകളിൽ കനാൽ വെള്ളം എത്തി തുടങ്ങും.

പെരുവട്ടൂർ, കാപ്പാട് ഭാ​ഗത്തേക്കുള്ള മെയിൻ കനാലാണ് ആദ്യം തുറക്കുന്നത്. മുചുകുന്ന്, തിക്കോടി, അയനിക്കാട് ഭാ​ഗങ്ങളിലേക്കും ഇടതുകര കനാലിൽ നിന്നാണ് വെള്ളം എത്തുക. ദേശീയപാത വികസനത്തിന്റെ ഭാ​ഗമായി കൊയിലാണ്ടിയിലെ പലഭാ​ഗങ്ങളിലും കനാലിന്റെ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ ഭാ​ഗങ്ങളിലും വെള്ളം എത്തിക്കുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായി കനാല്‍ ഡിവിഷന്‍ ഉദ്യോഗസ്ഥന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

22ന് കക്കോടി മുഖ്യശാഖ കനാല്‍ തുറക്കും. കക്കോടി, ചേളന്നൂര്‍, കുരുവട്ടൂര്‍, പുതിയങ്ങാടി ഭാഗത്തെ കനാലില്‍ 27ന് മുമ്പ് വെള്ളമെത്തുമെന്ന് കനാല്‍ ഡിവിഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതുസംബന്ധിച്ച്‌ എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമായിട്ടുണ്ട്.

76 കിലോമീറ്റര്‍ നീളമുള്ള പ്രധാന കനാലുകള്‍ക്കു പുറമെ 400 കിലോമീറ്ററോളമുള്ള ഉപകനാലുകളും ശാഖാ കനാലുകളുമാണ് കുറ്റ്യാടി പദ്ധതിയുടെ ഭാഗമായുള്ളത്. ഇടതുകര, വലതുകര, കക്കോടി മുഖ്യശാഖ കനാല്‍ എന്നിവയിലൂടെയാണ് വേനൽക്കാലത്ത് ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്.

Summary: Kuttyadi Canal to be opened on 20th: First water will reach left bank canal to Koyilady side