ക്ഷേത്ര നടത്തിപ്പിൽ പോലീസിനെന്ത് കാര്യം; കോഴിക്കോട് ക്ഷേത്ര നടത്തിപ്പ് ചെലവിലേക്ക് പോലീസുകാർ പണം കൊടുക്കണമെന്ന സർക്കുലർ വിവാദത്തിൽ, ക്ഷേത്രം ദേവസ്വം ബോർഡിനെ ഏൽപ്പിക്കൂവെന്ന്‌ സോഷ്യൽ മീഡിയ, ഒടുവിൽ സർക്കുലർ പിൻവലിച്ച് തടിതപ്പി പോലീസ്


കോഴിക്കോട്: മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിനായി കോഴിക്കോട് സിറ്റി പോലീസ് നടത്തുന്ന പിരിവ് നിര്‍ത്തിവെച്ചു. ക്ഷേത്ര നടത്തിപ്പിന്റെ ചെലവിലേക്കായി കോഴിക്കോട് സിറ്റിയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും 20 രൂപ മാസം തോറും സംഭാവന ചെയ്യണമെന്ന സെര്‍ക്കുലര്‍ സോഷ്യല്‍മീഡിയില്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി.

ജൂലൈ 19നായിരുന്ന ധനസമാഹരണത്തിനായി ജില്ലാ പോലീസ് മേധാവി സെര്‍ക്കുലര്‍ പുറത്തിറക്കിയത്. പിരിവ് നല്‍കാന്‍ താല്‍പര്യമില്ലാത്ത ഉദ്യാഗസ്ഥര്‍ വിവരം അറിയിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പിരിവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം താല്‍ക്കാലികമായി നിര്‍ത്തി വച്ചതായി സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ബ്രിട്ടീഷ് ഭരണകാലം മുതല്‍ പോലീസിന്റെ മേല്‍നോട്ടത്തിലാണ്‌ മുതലക്കുളം ഭദ്രകാളി ക്ഷേത്രം. ക്ഷേത്രം മാത്രമല്ല മുസ്ലിം പള്ളി അടക്കമുള്ള പല ആരാധനാലയങ്ങളും അക്കാലത്ത് പോലീസിന്റെ അധീനതയിൽ ഉണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഈ ക്ഷേത്രം ഒഴികെ ബാക്കി ആരാധനാലയങ്ങൾ അതത് മത വിശ്വാസികൾക്ക് വിട്ടു കൊടുത്തിരുന്നു. എന്നാല്‍ ഈ ക്ഷേത്രം മാത്രം പോലീസ് കൈവശം വെച്ച് പോരുകയായിരുന്നു.

പതിറ്റാണ്ടികളായി ഈ ക്ഷേത്രത്തിലേക്ക് കോഴിക്കോട് ജില്ലയിലെ പോലീസുകാര്‍ പിരിവ് നല്‍കി വരികയാണ്. എല്ലാ കൊല്ലവും ശമ്പളത്തില്‍ നിന്നും ഒരി വിഹിതം പിരിക്കുന്നതിന് ജില്ലാ പോലീസ് മേധവി ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്. ഇത്തരത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. ചര്‍ച്ചകള്‍ക്ക് പിന്നാലെ പോലീസ് എന്തിനാണ് ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടുന്നതെന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രം കൈമാറുന്നതല്ലേ ഉചിതമെന്നും നിരവധി പേര്‍ അഭിപ്രായം പറഞ്ഞിരുന്നു.