കോഴിക്കോട് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാന്‍ നീക്കം; പ്രതിഷേധവുമായി വ്യാപാരികള്‍, ചൊവ്വാഴ്ച പാളയത്തെ കടകള്‍ അടച്ചിടും


കോഴിക്കോട്: പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ വ്യാപാരികള്‍ രംഗത്ത്. ചൊവ്വാഴ്ച പാളയം ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുഴുവന്‍ കടകളും അടച്ച് പ്രതിഷേധിക്കാനാണ്‌ വ്യാപാരികളുടെ തീരുമാനം. മേയറുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ആവാത്തതിനെ തുടര്‍ന്നാണ് സൂചനാ പണിമുടക്കുമായി വ്യാപാരികള്‍ മുന്നോട്ട് പോവുന്നത്.

പഴം-പച്ചക്കറികള്‍ കടകള്‍ ഉള്‍പ്പെടെ 500 ഷോപ്പുകളാണ് പാളയത്ത് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടിന്റെ മുഖമായ പാളയത്ത് നിന്ന് മാര്‍ക്കറ്റ് മാറ്റാന്‍ അനുവദിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കല്ലുത്താന്‍ കടവിലേക്ക് മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ മോശമായി ബാധിക്കുമെന്നും, പാളയത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യാപാര കേന്ദ്രങ്ങളെയും ഇത് ബാധിക്കുമെന്നും വ്യാപാരികള്‍ പറയുന്നു.

നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് കോര്‍പറേഷന്‍ പിന്മാറണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോര്‍പറേഷന് കെട്ടിട വാടക നല്‍കിക്കഴിഞ്ഞാല്‍ തുച്ഛമായ പണമാണ് ബാക്കിയുണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഈയൊരു സാഹചര്യത്തില്‍ സ്വകാര്യ കമ്പനി നിശ്ചയിക്കുന്ന വാടക താങ്ങാന്‍ കഴിയില്ലെന്നും വ്യാപാരികള്‍ പറയുന്നു.

5.5 എക്കര്‍ വിസ്തൃതിയുള്ള കല്ലുത്താന്‍ കടവിലെ പുതിയ മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണച്ചുമതല കല്ലുത്താന്‍കടവ് ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റിക്കാണ്. 35 വര്‍ഷത്തെ നടത്തിപ്പ് കാലാവധിക്ക് ശേഷം സൊസൈറ്റി മാര്‍ക്കറ്റ് കോര്‍പറേഷന് കൈമാറും. അതുവരെ പച്ചക്കറി മാര്‍ക്കറ്റ്. വാണിജ്യ സമുച്ചയം എന്നിവയില്‍ നിന്നുള്ള വരുമാനം സൊസൈറ്റിക്ക് എടുക്കാമെന്നാണ് കരാര്‍.

അതേ സമയം, മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുകയാണ് കോര്‍പറേഷന്‍. പ്രശ്‌നത്തില്‍ നവംബര്‍ പതിനേഴാം തീയതി വീണ്ടും ചര്‍ച്ച നടക്കുമെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് ജനുവരിയോടെ മാര്‍ക്കറ്റ് മാറ്റാണ് കോര്‍പ്പറേഷന്റെ തീരുമാനം.