ബോധിവൃക്ഷത്തണലിനെ പുണര്‍ന്ന് മത്സരാര്‍ഥികള്‍, ഐസ്‌ക്രീം വിറ്റ് ആധ്യാപകര്‍; ഉപജില്ലാ കലോത്സവ വേദികളിലെ കാഴ്ചകള്‍
കൊയിലാണ്ടി: വേദിയും സദസ്സും നിറഞ്ഞ് ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം. സ്‌റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുന്നത് കൊണ്ടുതന്നെ വലിയ തിരക്കാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. സ്‌കൂളിലും സ്‌റ്റേഡിയത്തിലും പരിസരത്തും. 12 വേദികളിലും നിറഞ്ഞ ജനമാണ്.
ഇന്നലെ പെയ്ത മഴ കാരണം ഗ്രൗണ്ടിലും പരിസരത്തും നിറഞ്ഞ ചളിപോലും തരണം ചെയ്യുന്നതാണ് മത്സരാവേശം. മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുറമേ കാണികളായി നിരവധിപ്പേരാണ് ജി.വി.എച്ച്.എസ്.എസ് പരിസരത്തുള്ളത്.
കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ വേദി 2-ല്‍ നടക്കുന്ന കോല്‍ക്കളി മത്സരത്തിനാണ് കാണികളില്‍ നിന്ന് ഏറ്റവും ആവേശകരമായ പ്രതികരണം ലഭിക്കുന്നത്. ചെറിയ തര്‍ക്കങ്ങളുണ്ടായെങ്കിലും കോല്‍ക്കളി മത്സരങ്ങള്‍ ആവേശകരമായി തുടരുന്നു.
വേദിക്ക് പുറത്തും വ്യത്യസ്തമായ ആവിഷ്‌കാരങ്ങളോടെ അധ്യാപകരും വിദ്യാര്‍ഥികളും സജീവമാണ്. കലോത്സവത്തിന് മധുരം പകര്‍ന്ന് അധ്യാപകരുടെ ഐസ്‌ക്രീം കച്ചവടം കാണികള്‍ക്ക് വ്യത്യസ്തമായ കാഴ്ചയാണ്. വിവിധരുചികളില്‍ വിളമ്പുന്ന ഐസ്‌ക്രീം വാങ്ങാന്‍ കുട്ടികള്‍ക്ക് പുറമെ മുതിര്‍ന്നവരും തിരക്കുകൂട്ടുന്നു.
അധ്യാപകര്‍ മധുരമാണ് വിളമ്പുന്നതെങ്കില്‍, എരിവും പുളിയും വിളമ്പിയാണ് ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ വ്യത്യസ്തരാവുന്നത്. ഉപ്പിലിട്ട വിഭവങ്ങളും നാരങ്ങ, കൈതച്ചക്ക, കക്കിരി തുടങ്ങിയവയും കലോത്സവ വേദിക്കരികിലേക്ക് എത്തിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. സ്‌കൂളിലെ എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സമാഹരിക്കാനാണ് കുട്ടിക്കച്ചവടക്കാര്‍ കട തുറന്നിരിക്കുന്നത്.
പുറത്ത് നിന്നെത്തിയവര്‍ക്ക് ജി.വി.എച്ച്.എസ്.എസിലെ ബോധിവൃക്ഷം നന്നെ ബോധിച്ച മട്ടാണ്. അധ്യാപകരും മത്സരാര്‍ഥികളും ഏറെ നേരെ ബോധിയുടെ തറയില്‍ വിശ്രമിക്കുന്നു. ചെറുയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നു. സംസാരിച്ചിരിക്കുന്നു. ബാഡ്ജുകളും കൂപ്പണുകളും വിതരണം ചെയ്യാന്‍ എല്ലാരും ഒത്തു ചേരുന്നതും ബോധിവൃക്ഷത്തിന്റെ തണലില്‍ നിന്ന് തന്നെ.
ഭരതനാട്യം, തിരുവാതിര, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, അറബനമുട്ട്, വട്ടപ്പാട്ട്, തിരുവാതിര, നാടോടി നൃത്തം, മോണോആക്ട്, ഇംഗ്ലീഷ് സ്‌കിറ്റ്, നാടകം, മൂകാഭിനയം, കഥാകഥനം, പ്രഭാഷണം തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്.