ഷിപ്പിലെ ജോലിക്കിടെ ന്യൂമോണിയ പിടിപെട്ടു, തുടര്‍ ചികിത്സയാക്കായി നാട്ടില്‍ എത്തിച്ചത് രണ്ട് ദിവസം മുന്‍പ്; പെരുവട്ടൂര്‍ പൊയിലിങ്കല്‍ അബീഷിന്റെ അപ്രതീക്ഷിത മരണത്തില്‍ വിതുമ്പി നാട്
കൊയിലാണ്ടി: ഷിപ്പിലെ ജോലിക്കിടെ ന്യൂമോണിയ പിടിപെട്ട് തുടര്‍ ചികിത്സയാക്കായി നാട്ടില്‍ എത്തിച്ചത് രണ്ട് ദിവസം മുന്‍പ്. പെരുവട്ടൂര്‍ പൊയിലിങ്കല്‍ അബീഷിന്റെ അപ്രതീക്ഷിത മരണത്തില്‍ വിതുമ്പി നാട് . ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒമാനില്‍ ഷിപ്പിലെ ജോലിയ്ക്കിടെ അബീഷിന് പനി ബാധിക്കുന്നത്. ആദ്യം അത്ര കാര്യമാക്കി എടുത്തിരുന്നില്ല. എന്നാല്‍ പനി പെട്ടെന്ന് കൂടുകയും ന്യൂമോണിയ ബാധിച്ച് തലച്ചോറില്‍ വരെ പഴുപ്പ് ബാധിക്കുകയായിരുന്നു.
തുടര്‍ന്ന് ഓമാനിലെ ആശുപത്രിയില്‍ അഞ്ച് ദിവസത്തോളം ഐ.സി.യുവില്‍ അബീഷിനെ പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ നല്‍കി ജീവന്‍ രക്ഷപ്പെടുത്താം എന്നായിരുന്നു സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പ്രതീക്ഷ. എന്നാല്‍ ന്യൂമോണിയ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിച്ചിരുന്നു. അബീഷിന്റെ നിലയില്‍ മാറ്റമില്ലാത്തതിനാല്‍ രണ്ട് ദിവസം മുന്‍പാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.
തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയില്‍ തുടര്‍ ചികിത്സയും ആരംഭിച്ചു. ചികിത്സയിലിരിക്കെ അബീഷിന്റെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. വര്‍ഷങ്ങളായി ഷിപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു അബീഷ്. ഇന്ന് രാവിലെ 11.30 യോടെ അബീഷിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
അച്ഛന്‍: കുഞ്ഞികൃഷ്ണന്‍. അമ്മ: അജിത, ഭാര്യ: പ്രജിഷ. മക്കള്‍: പ്രണവ്, അപര്‍ണ ലക്ഷ്മി. സഹോദരന്‍: മഹേഷ്.