യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രചരിപ്പിക്കേണ്ടത് ലവ് സ്റ്റോറികള്‍, ഹേറ്റ് സ്റ്റോറികളല്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്


കൊച്ചി: ദി കേരള സ്റ്റോറി പ്രദര്‍ശനത്തിനെതിരെ പ്രതികരണവുമായി നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. യേശു ക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറി അഥവാ സ്‌നേഹത്തിന്റെ കഥകളാണെന്നും മറിച്ച് ഹേറ്റ് സ്റ്റോറികള്‍ അല്ലെന്നും ഗീവര്‍ഗീസ് കൂറിലോസ് ഫേസ് ബുക്കില്‍ കുറിച്ചു. ഇടുക്കി രൂപത വിവാദ ചിത്രം കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുകയും താമരശ്ശേരി രൂപത ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണം.

ഈ മാസം നാലിനാണ് ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. ദൂരദര്‍ശന്‍ ചിത്രം സംപ്രേഷണം ചെയ്യുന്നതിന് തലേന്നായിരുന്നു പ്രദര്‍ശനം. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

കേരള സ്റ്റോറി പ്രദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് താമരശ്ശേരി രൂപത കെസിവൈഎം ഡയറക്ടര്‍ ജോര്‍ജ്ജ് വെള്ളക്കാകുടിയില്‍ പറഞ്ഞത്. താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദര്‍ശനം.