ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ഭാഗത്ത് വന്‍സുരക്ഷാവീഴ്ച; സൈഡ് വാളിന്റെ കോണ്‍ക്രീറ്റ് സ്ലാബ് താഴെ വീണ് അപകടമൊഴിവായത് ഭാഗ്യംകൊണ്ട്
ചെങ്ങോട്ടുകാവ്: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് മേഖലയില്‍ വന്‍ സുരക്ഷാ വീഴ്ച. ദേശീയപാതയുടെ സൈഡ് വാള്‍ നിര്‍മ്മാണത്തിനായി കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നത് യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ്. സ്ഥാപിച്ച സ്ലാബുകളിലൊന്ന് റോഡിലേക്ക് വീണത് അപകടത്തിന് വഴിവെക്കാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്.
സ്ലാബുകള്‍ സ്ഥാപിക്കുന്ന ഭാഗത്തിന് തൊട്ടുതാഴെ സര്‍വ്വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. സാധാരണ അപകട സാധ്യതയുള്ള ഇത്തരം പ്രവൃത്തികള്‍ നടക്കുമ്പോള്‍ അതുവഴി വാഹനങ്ങള്‍ കടത്തിവിടാറില്ല. എന്നാല്‍ പകല്‍ സമയത്തുപോലും ദേശീയപാതയിലൂടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കെയാണ് ക്രയിന്‍ ഉപയോഗിച്ച് കൂറ്റന്‍ സ്ലാബുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നത്.
ഒന്നര മീറ്ററോളം നീളവും വീതിയുമുള്ള സ്ലാബുകളാണ് സൈഡ് വാളിന് ഉപയോഗിക്കുന്നത്. ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ് അടിപ്പാതയുടെ ഇരുവശവും, പൂക്കാട് അടിപ്പാതയുടെ ഇരുവശവും തിരുവങ്ങൂരുമെല്ലാം ഇതേ രീതിയില്‍ സുരക്ഷിതത്വമേര്‍പ്പെടുത്താതെയാണ് സൈഡ് വാളുകള്‍ സ്ഥാപിക്കുന്നത്. സുരക്ഷാ കാര്യങ്ങള്‍ നിരീക്ഷിക്കാനുള്ള ഉദ്യോഗസ്ഥരൊന്നും സംഭവസ്ഥലത്തില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്ലാബുകളിലൊന്ന് താഴെ വീഴുന്ന സമയത്ത് അടിയില്‍ വാഹനങ്ങളില്ലാത്ത സമയമായതിനാലാണ് അപകടമൊഴിവായത്.
Summary: Major safety collapse at Chengottukavu section as part of national highway construction work