ഓര്‍മകളുടെ മുപ്പത്തിയെട്ട് വര്‍ഷം; ഡല്‍ഹി പോലീസിന്റെ കാക്കി അഴിച്ച് പവിത്രൻ കൊയിലാണ്ടി


കൊയിലാണ്ടി: മുപ്പത്തിയെട്ട് വര്‍ഷത്തെ ഡൽഹി പൊലീസിലെ ഔദ്യോഗിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പവിത്രൻ കൊയിലാണ്ടിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി സ്വീകരണമൊരുക്കി. ഡൽഹി പൊലീസ് കാര്യാലയത്തിൽ നിന്നും ഇൻസ്പെക്ടർ റാങ്കിൽ വിരമിച്ചാണ് പവിത്രൻ നാട്ടിലേക്ക് തിരിച്ചെത്തിയത്‌. ഡൽഹി മലയാളികൾക്കിടയില്‍ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലും പവിത്രന്‍ സജീവമായിരുന്നു.

കൊയിലാണ്ടിക്കൂട്ടം ഡൽഹി ചാപ്റ്റർ ചെയർമാൻ, ഗ്ലോബൽ പ്രസിഡൻ്റ്, ഓൾഇന്ത്യ മലയാളി അസോസിയേഷൻ പ്രസിഡൻ്റ്, ഡൽഹി പൊലീസ് മലയാളി ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ കൈരളി വെൽഫയർ അസോനിയേഷൻ വൈസ് പ്രസിഡൻ്റ്, ബ്ലഡ് ഡേണേർസ് കേരള ഡൽഹി ഘടകം പ്രസിഡൻ്റ്, ഡൽഹി മലയാളം മിഷൻ കോർഡിനേറ്റർ തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു.

എ.അസീസ് മാസ്റ്റർ, റഷീദ്മൂടാടി, ഫൈസൽ മൂസ, സഹീർ ഗാലക്സി, ഫാറൂഖ് പൂക്കാട്, റിയാസ് അബുബക്കർ, മൊയ്തു കെ.വി, കോഴിക്കോട് റെയിൽവേ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് മേധാവി ഹാരിസ് കേളാട്ട്, ഡൽഹി പൊലീസിലെ മലയാളി സഹപ്രവർത്തകർ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.