കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി കൊയിലാണ്ടിക്കാരന്‍; കേരളത്തില്‍ നിന്നുള്ള 48 അംഗങ്ങളിലൊരാളായി വിയ്യൂര്‍ സ്വദേശി സുവര്‍ണ്ണപ്രസാദും
കൊയിലാണ്ടി: കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി കൊയിലാണ്ടിക്കാരന്‍. വിയ്യൂര്‍ സ്വദേശിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം.സുവര്‍ണ്ണപ്രസാദാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. സുവര്‍ണ്ണപ്രസാദ് ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 48 പേരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളായി ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറത്തിറക്കി.
കോഴിക്കോട് പ്രസ് ക്ലബ്ബിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷമാണ് സുവര്‍ണ്ണപ്രസാദ് മാധ്യമപ്രവര്‍ത്തന മേഖലയിലേക്ക് ചുവടു വച്ചത്. കേരളകൗമുദി പത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യവെ അദ്ദേഹം ബി.ജെ.പിയുടെ മാധ്യമവിഭാഗം കണ്‍വീനറായി ചുമതലയേറ്റു. ഇതിനിടെയാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
മാധ്യമപ്രവര്‍ത്തകര്‍, സിനിമാ മേഖലയിലുള്ളവര്‍, ഐ.ടി മേഖലയിലുള്ളവര്‍, മറ്റ് പ്രൊഫഷണലുകള്‍, എഴുത്തുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവരാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.