നാളെ കൊയിലാണ്ടിയില്‍ പതിനാറ് സ്ഥലത്ത് പൊലീസ് പിക്കറ്റ് പോസ്റ്റ്, ഇരുപത് യൂണിറ്റിന്‍റെ രണ്ട് സ്ട്രൈക്കര്‍; ഹര്‍ത്താല്‍ അക്രമങ്ങളെ നേരിടും, കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ നടപടിയെന്നും കൊയിലാണ്ടി പൊലീസ്


കൊയിലാണ്ടി: ഹര്‍ത്താല്‍ ദിനമായ നാളെ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കൊയിലാണ്ടി പോലീസ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ആണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുന്നത്. ഏത് സാഹചര്യത്തിനെയും നേരിടാൻ പോലീസ് തയ്യാറാണെന്ന് സി.ഐ സുനിൽകുമാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടിയിലെ വിവിധ ഇടങ്ങളിലായി പോലീസ് സേന നാളെ വിന്യസിക്കും. പതിനാറു സ്ഥലത്ത് പിക്കറ്റ്പോസ്റ്റ്, നാല്‌ പട്രോളിംഗ്, ഇരുപത് യൂണിറ്റിന്റെ രണ്ട് സ്‌ട്രൈക്കർ എന്നിവയാണ് ഒരുങ്ങിയിരിക്കുന്നത്. നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. അക്രമത്തിൽ ഏർപ്പെടുകയോ കടകൾ പൂട്ടിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യാനാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും എന്നും അനിൽ കാന്ത് അറിയിച്ചു.