വിലയേറിയ താരമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍; അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ ക്രിക്കറ്റ് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച് രോഹന്‍ എസ്. കുന്നുമ്മല്‍, നോട്ടമിട്ട് പ്രമുഖ ടീമുകള്‍


കൊയിലാണ്ടി: ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്താല്‍ ദേശീയ തലത്തില്‍ പ്രശസ്തനായ ക്രിക്കറ്റ് താരമാണ് കൊയിലാണ്ടിക്കാരന്‍ രോഹന്‍ എസ്. കുന്നുമ്മല്‍. അടുത്തിടെ നടന്ന എല്ലാ ടൂര്‍ണമെന്റുകളിലും കേരളത്തിനായി മികച്ച പ്രകടനമാണ് മന്ദമംഗലം സ്വദേശിയായ രോഹന്‍ കാഴ്ച വച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഇപ്പോള്‍ രോഹനെ തേടിയെത്തിയിരിക്കുന്നത്.

അടുത്ത വര്‍ഷം നടക്കുന്ന ടാറ്റ ഐ.പി.എല്‍ ടൂര്‍ണ്ണമെന്റിനായി നടക്കുന്ന താരലേലത്തില്‍ പങ്കെടുക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ രോഹനും ഇടം പിടിച്ചിരിക്കുകയാണ്. ആകെ 405 താരങ്ങളുടെ ചുരുക്കപ്പട്ടികയാണ് ചൊവ്വാഴ്ച വൈകീട്ട് ബി.സി.സി.ഐ പ്രസിദ്ധീകരിച്ചത്. 2023 ഐ.പി.എല്‍ സീസണിന്റെ ലേലത്തിനായി ആകെ 991 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്ന് പത്ത് ടീമുകള്‍ തെരഞ്ഞെടുത്ത 405 പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഡിസംബര്‍ 23 ന് കൊച്ചിയില്‍ വച്ചാണ് ലേലം.

പട്ടികയില്‍ 33-ാമത് പേരുകാരനാണ് രോഹന്‍. 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. ഐ.പി.എല്ലിലെ മൂന്ന് ടീമുകളാണ് രോഹന്‍ എസ്. കുന്നുമ്മലിനെ നോട്ടമിട്ടിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളാണ് രോഹനായി വല വിരിച്ചിരിക്കുന്നത്.

രോഹന് പുറമെ കേരളത്തില്‍ നിന്നുള്ള ഒമ്പത് താരങ്ങള്‍ കൂടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മുഹമ്മദ് അസറുദ്ദീന്‍, കെ.എം.ആസിഫ്, എസ്.മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോഗര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, പി.എ.അബ്ദുല്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

പട്ടികയിലുള്ള 405 കളിക്കാരില്‍ 273 പേര്‍ ഇന്ത്യക്കാരും 132 പേര്‍ വിദേശ താരങ്ങളുമാണ്. ലേലത്തിനുള്ളവരില്‍ 119 പേര്‍ രാജ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളവരാണ്. 282 പേര്‍ ഇതുവരെ അരങ്ങേറിയിട്ടില്ല. ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവുരള്‍പ്പെടെ 27 താരങ്ങളാണ് ഇംഗ്ലണ്ടില്‍നിന്നുള്ളത്. ഓസ്ട്രേലിയയില്‍ നിന്നുള്ള 21 താരങ്ങളുടെ പട്ടികയില്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനുമുണ്ട്. 22 പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും 20 പേര്‍ വെസ്റ്റിന്‍ഡീസില്‍ നിന്നും 10 പേര്‍ ന്യൂസീലന്‍ഡില്‍ നിന്നും എട്ടു പേര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ്.

ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാനവിലയായ രണ്ടു കോടി കൊടുക്കേണ്ടവരില്‍ ഇന്ത്യന്‍ താരങ്ങളില്‍ ആരുമില്ല. 19 വിദേശതാരങ്ങളാണ് 2 കോടി പട്ടികയിലുള്ളത്. 1.5 കോടി അടിസ്ഥാന വില കൊടുക്കേണ്ടവരിലും 11 വിദേശതാരങ്ങള്‍ മാത്രം. ഒരു കോടി അടിസ്ഥാന വിലയുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട് മയാങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ. ആകെ 20 താരങ്ങളാണ് ഒരു കോടി പട്ടികയിലുള്ളത്. അജിന്‍ക്യ രഹാനെ, ഇഷാന്ത് ശര്‍മ എന്നിവരുടെ അടിസ്ഥാന വില 50 ലക്ഷമാണ്.

ചുരുക്കപ്പട്ടിക പൂര്‍ണ്ണരൂപത്തില്‍ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.