പുരസ്കാര പ്രഭയിൽ കൊയിലാണ്ടിക്കാരൻ പ്രശാന്ത് ചില്ലയുടെ ‘വെെരി’; നേടിയെടുത്തത് മികച്ച നടൻ ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്ക്കാരങ്ങൾ
കൊയിലാണ്ടി: പുരസ്കാര പ്രഭയിൽ കൊയിലാണ്ടിക്കാരൻ പ്രശാന്ത് ചില്ല ഒരുക്കിയ വൈരി മലയാളം ഷോട്ട്ഫിലിം. പാർട്ട് ഒ എൻ ഒ ഫിലിംസ് ആൻഡ് ഇമ്മട്ടി ക്രിയേഷൻസ് ഭരത് പിജെ ആന്റണി സ്മാരക ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് അവാർഡുകളാണ് വെെരിക്ക് ലഭിച്ചത്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച നടൻ, സ്പെഷ്യൽ ജൂറി പുരസ്കാരം (ക്യാമറ) എന്നിവയ്ക്കാണ് വെെരി അർഹമായത്.
മണിദാസ് പയ്യോളിയാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. നിധീഷ് സാരംഗിക്കാണ് സ്പെഷ്യൽ ജൂറി പുരസ്കാരം. ഡിസംബർ 30ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പുരസ്കാരം സമർപ്പിക്കും.
2022 ജൂണിലാണ് വെെരി റിലീസായത്. കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി പുരസ്ക്കാരങ്ങൾ വൈരി കരസ്ഥമാക്കിയിട്ടുണ്ട്. നെടുമുടി വേണു മീഡിയ ഹബ്ബ്, സച്ചി ഇന്റർനാഷണൽ ഷോർട്ട് ഫിലിം, സോളോ ലേഡി ഫെസ്റ്റിവൽ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, സിക്റ്റ, മണിയൂർ സൗഹൃദയ വേദി തുടങ്ങി ഇതുവരെ പതിനഞ്ചോളം അവാർഡുകളാണ് നേടിയത്.
ആകാശ് പ്രകാശ് മ്യൂസിക് ആൻഡ് എന്റർടൈൻമെന്റ് ബാനറിൽ തൃശൂർ സ്വദേശി പ്രകാശ് ആണ് ചിത്രം നിർമിച്ചത്. രഞ്ജിത് ലാൽ, ആൻസൻ ജേക്കബ്ബ്, മകേശൻ നടേരി, വിശാഖ്നാധ്, ജിത്തു കാലിക്കറ്റ്, അശോക് അക്ഷയ, സാന്റി, രാഹുൽ കാവിൽ, ഷിബു ഭാസ്കർ, ദിനേഷ് യു.എം തുടങ്ങിയവരാണ് അണിയറ ശില്പികൾ.
Summary: Koyilandy native Prashant Chilla’s short film Veri Won three National Awards including Best Actor