വിയ്യൂര്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ തുടങ്ങിയ നിലകളില്‍ കൊയിലാണ്ടിക്കാര്‍ക്ക് പരിചിത; റംലയുടെ മരണം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ
കൊയിലാണ്ടി: ജോലി കഴിഞ്ഞ് മടങ്ങവെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ച മുന്‍ ഡെപ്യൂട്ടി കലക്ടര്‍ റംല കൊയിലാണ്ടിക്കാര്‍ക്ക് ഏറെ പരിചിതയായ ഉദ്യോഗസ്ഥ. പല പദവികളില്‍ കൊയിലാണ്ടി മേഖലയില്‍ ഏറെക്കാലം ജോലി ചെയ്തിരുന്നു ഇവര്‍. വിയ്യൂര്‍ വില്ലേജ് ഓഫീസര്‍, ലാന്റ് അക്വിസിഷന്‍ വിഭാഗത്തില്‍, കൊയിലാണ്ടി തഹസില്‍ദാര്‍ തുടങ്ങിയ നിലകളിലെല്ലാം ജനങ്ങളുമായി അടുത്ത് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥയായിരുന്നു അവരെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
2016 മെയ് മാസത്തിലാണ് കൊയിലാണ്ടി തഹസില്‍ദാറായി ചുമതലയേല്‍ക്കുന്നത്. കോഴിക്കോട് ദുരന്ത നിവാരണ വിഭാഗത്തില്‍ ഡെപ്യൂട്ടി കലക്ടറായി പ്രമോഷന്‍ ലഭിക്കുന്നതുവരെ മൂന്നുവര്‍ഷക്കാലത്തോളം തഹസില്‍ദാറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടറായിരിക്കെ രണ്ടുവര്‍ഷം മുമ്പാണ് വിരമിച്ചത്. വിരമിച്ചശേഷം താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പതിവുപോലെ ജോലിയ്ക്ക് പോയി മടങ്ങവെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം രാത്രിയോടെ കൊയിലാണ്ടി എ.ജി പാലത്തെ നെല്ല്യാടി വീട്ടില്‍ എത്തിച്ചു. അമേരിക്കയിലുള്ള മകള്‍ തിരിച്ചെത്തിയശേഷമേ സംസ്‌കാര ചടങ്ങുകളുണ്ടാവൂവെന്നാണ് വിവരം.
ഭര്‍ത്താവ്: അബ്ബാസ് (റിട്ട ഹെഡ്മാസ്റ്റർ പന്തലായനി ജിഎംഎൽപി സ്കൂൾ)
മക്കള്‍: നവീത് ഷെഹിന്‍, ശേഖ ഷെറിൻ(യുഎസ് എ). മരുമകന്‍: ഇഷാക്
അച്ഛന്‍: ഖൻസ. അമ്മ: ഫാത്തിമ. സഹോദരങ്ങൾ: ബാദുഷ (വയനാട് പരിസ്ഥിതി പ്രവർത്തകൻ). ഗൈറുന്നിസ ഖാദർ, ഹമീദ് സലിം.