ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ സൈനിക പരേഡില്‍ കൊയിലാണ്ടിയും; 21 ഗണ്‍ സല്യൂട്ടിന്റെ ഭാഗമായി രണ്ട് കൊയിലാണ്ടിക്കാര്‍, ആദ്യ വെടിയുതിര്‍ത്തത് കൊല്ലം സ്വദേശി- വീഡിയോ
കൊയിലാണ്ടി: റിപ്പബ്ലിക് ദിനാഘോഷ സൈനിക പരേഡിന് തുടക്കം കുറിച്ച് കൊണ്ടുള്ള സൈന്യത്തിന്റെ 21 ഗണ്‍ സല്യൂട്ടില്‍ പങ്കാളികളായി രണ്ട് കൊയിലാണ്ടിക്കാരും. കൊയിലാണ്ടി കൊല്ലം സ്വദേശി ആനപ്പടിക്കല്‍ രതീഷ്, ഉള്ളിയേരി സ്വദേശി പുത്തഞ്ചേരിയില്‍ സ്മിതേഷ് എന്നീ സൈനികരാണ് പങ്കെടുത്തത്.
ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിച്ച് കൊണ്ട് രാവിലെ 10.30 ന് ദേശീയ ഗാനം ആലപിക്കുമ്പോഴാണ് ഇന്ത്യന്‍ ഫീല്‍ഡ് ഗണ്‍ ഉപയോഗിച്ച് സൈന്യം 21 തവണ വെടിയുതിര്‍ക്കുന്നത്. ദേശീയ ഗാനം ആലപിക്കാന്‍ ഉപയോഗിക്കുന്ന 52 സെക്കന്റുകൊണ്ട് ഇത് പൂര്‍ത്തീകരിക്കും. ആദ്യ ഫയര്‍ നടത്തുന്ന ഗണ്ണിന്റെ സീനിയര്‍ കൊയിലാണ്ടി സ്വദേശി രതീഷ് ആണ്.
ദേശീയ ഗാനം ആലപിക്കുന്ന സമയത്തിനുള്ളില്‍ 21 തവണ വെടിയുതിര്‍ക്കുന്ന രീതിയാണ് 21 ഗണ്‍ സല്യൂട്ട്. മൂന്നുപേര്‍ വീതമുള്ള ടീമായി ഏഴുതവണയായാണ് 21 റൗണ്ട് വെടിയുതിര്‍ക്കുന്നത്. ‘ജയ ജയ ഹേ’ എന്ന ഭാഗം വരുമ്പോഴാണ് 21ാം തവണത്തെ വെടിയുതിര്‍ക്കല്‍ നടക്കുക.
ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ ഫീല്‍ഡ് ഗണ്‍ ഉപയോഗിച്ച് ഫയറിംഗ് നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. ഇക്കാലമത്രയും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ബ്രിട്ടീഷ് നിര്‍മ്മിത 25 പൗണ്ടര്‍ ആര്‍ട്ടിലറി എന്ന ഗണ്‍ ആയിരുന്നു പരേഡില്‍ ഫയറിംഗിനായി ഉപയോഗിച്ചിരുന്നത്. ഇത്തവണ ഇന്ത്യന്‍ നിര്‍മ്മിത 105 എം.എം ഇന്ത്യന്‍ ഫീല്‍ഡ് ഗണ്‍ ആണ് ഫയറിങ്ങിനായി ഉപയോഗിച്ചത്.
തദ്ദേശീയമായ തോക്ക് ഉപയോഗിക്കുന്നയെന്നത് ആത്മാഭിമാനത്തിന്റെ കാര്യമാണന്നും ഇക്കാരണം കൊണ്ടാണ് ഇത്തവണ മുതല്‍ തദ്ദേശീയമായ 105 എം.എം ഇന്ത്യന്‍ ഫീല്‍ഡ് ഗണ്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നുമാണ് ഡല്‍ഹി മേഖലയിലെ മേജര്‍ ജനറല്‍ ഭവനിഷ് കുമാര്‍ നേരത്തെ പറഞ്ഞത്.
റിപ്പബ്ലിക് ദിനത്തിലെ 21 ഗണ്‍ സലാമയില്‍ പങ്കെടുക്കുന്നത് 32 സൈനികരാണ്. ഈ വര്‍ഷം 6 മലയാളികളാണ് ഇതില്‍ ഉള്‍പ്പെട്ടത് അതില്‍ രണ്ട് പേര്‍ കൊയിലാണ്ടിക്കാരാണ്.
വീഡിയോ: