അടിച്ചുവാരിയ സ്ഥലത്ത് അതെ സമയം തന്നെ ബസ്സിനകത്തുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞു; ശുചീകരണ തൊഴിലാളികളെ മർദ്ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത ബസ് ജീവനക്കാരനെതിരെ കൊയിലാണ്ടിയിൽ തൊഴിലാളികളുടെ പ്രതിഷേധം*


കൊയിലാണ്ടി: ബസ് സ്റ്റാൻഡിൽ ശുചീകരണ വിഭാഗം തൊഴിലാളിയെ ബസ് ജീവനക്കാരൻ മർദ്ധിച്ചതിനെതിരെ കൊയിലാണ്ടിയിൽ തൊഴിലാളികളുടെ സംഘടനയായ കെ.എം.സി.ഇ.യു (സി.ഐ .ടി.യു ) പ്രതിഷേധം. കൊയിലാണ്ടി നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളി അബ്ദുൽ അസിസിനെ ആണ് ബസ് സ്റ്റാൻഡിൽ ജോലി സമയത്തു ബസ് ജീവനക്കാരൻ ജോലി തടസപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ്സ്റ്റാൻഡ് യാർഡിൽ ശുചീകരണം നടത്തുകയായിരുന്ന നഗരസഭാ കണ്ടിജൻറ് ജീവനക്കാരൻ ആയ അബ്ദുൽ അസീസ്. ഇതേ സമയം വൃത്തിയാക്കിയ സ്ഥലത്തു എമറാൾഡ് ബസ്സിലുള്ള ജീവനക്കാരൻ ബസ്സിനകത്തുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

ബസ്സ് ജീവനക്കാർ ശുചീകരണ തൊഴിലാളികളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും ബസ്സ് സ്റ്റാൻഡ് വൃത്തിയോടെ സംരക്ഷിക്കുന്നതിന് ബസ്സ് ജീവനക്കാരുടെ ഭാഗത്തു നിന്നും വളരെ മോശമായ നിലപാടാണ് സ്വീകരിച്ചു വരുന്നത് എന്നും പ്രതിഷേധ യോഗത്തിൽ പറഞ്ഞു. പ്രതിഷേധ മാർച്ച് യൂണിയൻ ജില്ലാ കമ്മിറ്റി മെമ്പർ സുരേന്ദ്രൻ കുന്നോത്ത് ഉദ്ഘടാനം ചെയ്തു. ഇത്തരം നിയമലംഘനങ്ങൾ നിർത്തലാക്കണമെന്നും പ്രതികൾക്കെതിരെ കേസ് എടുക്കണമെന്നും യൂണിയൻ സെക്രട്ടറി പങ്കജാക്ഷൻ ആവശ്യപ്പെട്ടു.