ഇരുചക്രവാഹനങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയെ എങ്കിലും കൊണ്ടുപോകാന്‍ കഴിയുമോ? നിയമഭേദഗതിയ്ക്ക് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി


തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ രക്ഷിതാക്കളോടൊപ്പം ഒരു കുട്ടിയെ എങ്കിലും കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ മോട്ടോര്‍ വാഹന നിയമഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുട്ടികളെകൂട്ടിയുള്ള രക്ഷിതാക്കളുടെ ഇരുചക്ര വാഹനയാത്രകള്‍ക്ക് എ.ഐ ക്യാമറകള്‍ വഴി പിഴയീടാക്കുമെന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ഈ നീക്കം.

ഇരുചക്ര വാഹനങ്ങള്‍ വ്യാപപകയമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. രക്ഷിതാക്കളോടൊപ്പം കുഞ്ഞിനെക്കൂടി കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ച് മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. മേയ് 10ന് നടക്കുന്ന ഉദ്യോഗസ്ഥ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

ഇരുചക്ര വാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകുന്നുവെന്നത് നിലവിലെ വ്യവസ്ഥയാണ്. സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ വന്നതോടെയാണ് മൂന്നാമതായി കുട്ടി വാഹനത്തില്‍ യാത്രചെയ്താലും പിഴയടക്കേണ്ട സാഹചര്യം വന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.