”മഞ്ജുവിനോട് ഒരു നോട്ടമുണ്ടായിരുന്നു, അപ്പോഴേക്കും ആ പഹയന്‍ കല്ല്യാണം കഴിച്ചു” ഹൈസ്‌കൂള്‍ കലോത്സവം ഉദ്ഘാടനത്തിനെത്തിയ മാമുക്കോയ അന്ന് പറഞ്ഞത് ഓര്‍ത്തെടുത്ത് അരിക്കുളം കെ.പി.എം.എസ്.എമ്മിലെ പൂര്‍വ്വവിദ്യാര്‍ഥി


അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം ഹൈസ്‌കൂള്‍ കലോത്സവം മാമുക്കോയ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് കെ.പി.എം.എസ്.എമ്മിലെ പൂര്‍വ്വ വിദ്യാര്‍ഥി ഫിറോസ് മുഹമ്മദ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാമുക്കോയ സ്‌കൂളിലെത്തിയതും അന്ന് സംസാരിച്ചതുമൊക്കെയാണ് ഫിറോസ് ഓര്‍ക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്.

ഫിറോസ് മുഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അരിക്കുളം കെ.പി.എം.എസ്.എം ഹൈസ്‌കൂള്‍ കാലോത്സവം ഉദ്ഘാടനത്തിന് മാമുക്കോയ വരുന്നത്. ആദ്യമായി ഒരു സിനിമ നടനെ കാണുന്നതിന്റെ ആവേശത്തിലായിരുന്നു ഞങ്ങളെല്ലാവരും. ചടങ്ങ് ആരംഭിച്ച് അല്പം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ കാറ് ഗ്രൗണ്ടിലേക്ക് പാഞ്ഞു വരുന്നത്.

സദസ്സിലുള്ള ഞങ്ങളെല്ലാം കാറിനടുത്തേക്ക് എഴുന്നേറ്റോടി. അതുവരെ സംസാരിച്ചു കൊണ്ടിരുന്ന കാനേഷ് പൂനുര് എല്ലാരും എഴുന്നേറ്റ് ഓടിയതിന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഞാനടക്കമുള്ള സ്‌കൗട് പിള്ളേര്‍ക്കായിരുന്നു അദ്ദേഹത്തെ സ്വീകരിക്കാനും കരിക്ക് വെള്ളം കൊടുക്കാനുമുള്ള നിയോഗം. തനതു ശൈലിയില്‍ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹം ഇന്നലെ ആയിരുന്നത് കൊണ്ട് താന്‍ എത്തുമോയെന്ന് സംഘാടകര്‍ക്ക് സംശയമുണ്ടായിരുന്നതായും എന്നാല്‍ മഞ്ജുവിനോട് തനിക്കും ഒരു നോട്ടമുണ്ടായിരുന്നതായും അപ്പോഴേക്കും ആ പഹയന്‍ കല്യാണം കഴിച്ചതിനാല്‍ താന്‍ പങ്കെടുത്തില്ലെന്നും തമാശരൂപേണ പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.

സ്റ്റേജിലൊക്കെ കയറിയിറങ്ങി നടക്കുന്നത് കണ്ടിട്ടായിരിക്കണം എന്റെ ട്യൂഷന്‍ സെന്ററിലെ ഒരു അദ്ധ്യാപകന്‍ ഒരു ഓട്ടോഗ്രാഫ് ബുക്ക് തന്നു അതില്‍ മാമുക്കോയയെ കൊണ്ട് എന്തെങ്കിലും എഴുതിക്കണമെന്ന് പറഞ്ഞത്. കിട്ടിയ ചാന്‍സില്‍ ഞാന്‍ നേരെ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കയ്യിലോട്ട് നീട്ടി. അതില്‍ ഏതാണ്ട് ഇങ്ങനെയാണ് അദ്ദേഹം എഴുതിയിരുന്നത്, ‘പുസ്തകവുമായി വന്ന ഈ വിദ്യാര്‍ത്ഥി പഠിച്ചു ഭാവിയില്‍ ഉയരങ്ങളിലെത്തട്ടെ ‘. എഴുതി കഴിഞ്ഞതിനു ശേഷം ഇതെനിക്കായിരുന്നില്ല എന്നൊന്നും പറയാതെ ഞാനത് എന്റെ മാഷിനെ തിരിച്ചേല്‍പ്പിച്ചു. ഏതായാലും മാഷിപ്പോള്‍ നല്ല സ്ഥാനത്തു തന്നെയാണ്.

മലയാളികളെ ഏറെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു വിട പറഞ്ഞ ആ വലിയ കലാകാരന് ആദരാഞ്ജലികള്‍ നേരുന്നു…