കീഴരിയൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്; ആര് ജയിക്കും? വിജയ പ്രതീക്ഷകൾ കൊയിലാണ്ടി ന്യൂസിനോട് പങ്കുവച്ച് സ്ഥാനാർഥികൾ


കീഴരിയൂര്‍: മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയ പ്രതീക്ഷ പങ്കുവെച്ച് ഇരുമുന്നണികളും. സി.പി.എം നടുവത്തൂര്‍ ബ്രാഞ്ച് അംഗവും കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ പ്രസിഡന്റുമായ എം.എം.രവീന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ കീഴരിയൂര്‍ മണ്ഡലം സെക്രട്ടറി പാറോളി ശശിയാണ് പ്രധാന എതിരാളി.

ഇതുവരെയുള്ള പ്രചരണങ്ങള്‍ ഏറെ ആത്മവിശ്വാസം പകരുന്നതായിരുന്നെന്ന് ഇരു സ്ഥാനാര്‍ത്ഥികളും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പ്രതികരിച്ചു. ജനങ്ങള്‍ ഇത്തവണ മാറി ചിന്തിക്കുമെന്നാണ് ഇതുവരെയുള്ള പ്രചരണങ്ങളില്‍ നിന്നും വോട്ടുതേടിയതിന്റെ അനുഭവത്തിലും മനസിലായതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പാറോളി ശശി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗോപാലന്‍ നായരുടെ രാജിയാണ് യു.ഡി.എഫ് പ്രധാന പ്രചാരണ വിഷയമാക്കിയത്. രാജി പാര്‍ട്ടി സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്ക് ഒരാളെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും രണ്ടുവര്‍ഷം ആകുമ്പോഴേക്കും അയാള് രാജിവെക്കുകയും ചെയ്തത് വോട്ടര്‍മാര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ഇത് ഗുണമായി വരുമെന്നാണ് അവസാന പ്രചാരണ പരിപാടികളില്‍ നിന്നടക്കം മനസിലായത്.

കൂടാതെ കീഴരിയൂരിലെ വികസന മുരടിപ്പും ചര്‍ച്ചയാക്കി. ‘പത്തുമുപ്പത് വര്‍ഷമായി പഞ്ചായത്ത് ഒരേ ആളുകള്‍ തന്നെയാണ് ഭരിക്കുന്നത്. ഇത് വികസന മുരടിപ്പിന് വഴിവെച്ചിട്ടുണ്ട്. പല പദ്ധതികളും വന്നെങ്കിലും അത് ഫോളോപ്പ് ചെയ്യാതെ പോയിട്ടുണ്ട്. ഇതൊക്കെ ജനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കീഴരിയൂര്‍ ഡിവിഷന് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഇവിടേക്ക് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യും. ‘

പാലിയേറ്റീവ് രംഗത്തും കാലാസാംസ്‌കാരിക രംഗത്തുമെല്ലാം സജീവമായി ഇടപെട്ടതിന്റെ അനുഭവ സമ്പത്തുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നാട്ടുകാര്‍ക്കിടയില്‍ സുപരിചിതനാണ്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഗോപാലന്‍നായരുടെ രാജിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് വ്യാജപ്രചരണങ്ങളുയര്‍ത്തുകയാണെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം.രവീന്ദ്രന്‍ പറയുന്നത്. ”ഇതുവരെയുള്ള പ്രചരണത്തിനിടെ മനസിലായത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ഒരിടത്തും ചര്‍ച്ചാ വിഷയമായിട്ടില്ലയെന്നാണ്. പാര്‍ട്ടിയോ മുന്നണിയോ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് രാജിവെക്കേണ്ടിവന്നതെന്നും ഗോപാലന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല, കള്ളപ്രചരണങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. ഗോപാലന്‍ നായരുടെ രാജി പാര്‍ട്ടി സമ്മര്‍ദ്ദമാണെന്ന പ്രചരണം നടത്തുകയാണ് ചെയ്യുന്നത്.”

”നവകേരള സൃഷ്ടിക്കുവേണ്ടി കേരളസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുമ്പാകെ വെച്ചാണ് വോട്ടു ചോദിച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വഴി കീഴരിയൂര്‍ ഡിവിഷനില്‍ ജനപ്രതിനിധിയായി വരികയാണെങ്കില്‍ പരമാവധി ജനങ്ങള്‍ക്കുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയും അത് പരമാവധി ജനങ്ങളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ കൂട്ടത്തില്‍ മുന്നിലുണ്ടാവും.”

‘വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്ക് ജനങ്ങള്‍ക്കിടയില്‍ നിന്നും യാതൊരു എതിര്‍പ്പും വന്നിട്ടില്ല. അതിനാല്‍ വലിയ രൂപത്തിലുള്ള മുന്നേറ്റം തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കാനാകുമെന്നാണ് ഞാനും എന്റെ പാര്‍ട്ടിയും വിശ്വസിക്കുന്നത്. 1981ല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളയാളാണ് ഞാന്‍. 1981 മുതല്‍ 1990 വരെ ഡി.വൈ.എഫ്.ഐയുടെ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് ഭാരവാഹിയായിട്ടും 22 കൊല്ലം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗമായും കര്‍ഷക സംഘത്തിന്റെ നേതൃതലത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സമയത്തെല്ലാം തന്നെ തന്നെ ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതാണ്. അതിനാല്‍ ജനങ്ങളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത് വോട്ടായി മാറും എന്നാണ് പ്രതീക്ഷ’ അദ്ദേഹം പറഞ്ഞു.