കണ്ണൂർ മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അന്തരിച്ചു
കണ്ണൂർ: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. കെ.പി.സി.സി അംഗവും മുന്‍ കണ്ണൂര്‍ ഡി.സി.സി അധ്യക്ഷനുമായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം. അൻപത്തിനാല് വയസ്സായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്.
ഈ മാസം ഇരുപതാം തീയ്യതി രാത്രി പതിനൊന്നു മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡികല്‍ കോളജില്‍ നിന്നും വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടെതടക്കമുള്ള നിര്‍ദേശ പ്രകാരം ചികിത്സ നടത്തുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിൽ രണ്ടു ദിവസമായി നില ഗുരുതരമാവുകയും ഇന്ന് രാവിലെയോടെ അവസ്ഥ വഷളാവുകയുമായിരുന്നു.
പാച്ചേനിയെന്ന കമ്യൂണിസ്റ്റ് മണ്ണിൽ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്‍റെ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാ സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, സാക്ഷാൽ ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്‍റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ കോൺഗ്രസിലേക്ക് ചുവടുവച്ചത്.
കെ.എസ്.യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായി. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള സതീശന്‍ പാച്ചേനിക്ക് പക്ഷേ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരടക്കമുള്ള നേതാക്കൾ മുൻപ് ആശുപത്രിയിലെത്തിയിരുന്നു. സംസ്കാരം നാളെ. തളിപ്പറമ്പ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ.വി റീനയാണ് ഭാര്യ.