കളമശ്ശേരി സ്‌ഫോടനം: ആദ്യ പൊട്ടിത്തെറി 9.45ഓടെ, പിന്നാലെ രണ്ട് തവണ തുടര്‍ സ്‌ഫോടനം, സംസ്ഥാനത്ത് അതീവ ജാഗ്രത, പൊതു പരിപാടികള്‍ക്ക് പ്രത്യേക സുരക്ഷ
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്‌ഫോടനമുണ്ടായെന്ന് ദൃക്‌സാക്ഷികള്‍. രാവിലെത്തെ പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ തന്നെ ആദ്യ സ്‌ഫോടനവും പിന്നാലെ രണ്ടു തവണ പൊട്ടിത്തെറിയുണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്ന് രാവിലെ 9.45ഓടെയാണ് കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച സ്ത്രീയുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകട സമയത്ത് ഏതാണ്ട് 2400ലേറേപ്പേര്‍ കണ്‍വെന്‍ സെന്ററിലുണ്ടായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാന്‍ ഇരിക്കെയാണ് വന്‍ സ്‌ഫോടനമുണ്ടായിരിക്കുന്നത്. പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് പരിശോധനകള്‍ നടത്തി വരികയാണ്.
വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കണ്‍വെൻഷൻ സെൻ്ററിലെത്തിയിട്ടുള്ളത്. നിലവിൽ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. അതേസമയം, സെൻ്ററിൻ്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്. മാധ്യമപ്രവർത്തകർക്കുൾപ്പെടെ അകത്തേക്ക് പ്രവേശനമില്ല.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് മുഴുവന്‍ ജാഗത്ര പാലിക്കണമന്നാണ് ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കളമശ്ശേരിയിലേക്ക് ഉടന്‍ എത്തും. ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം അവധിയിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തരും അടിയന്തരമായി തിരിച്ചെത്താനാണ് നിര്‍ദ്ദേശം.