കളമശ്ശേരിയിലേത്‌ ബോംബ് സ്ഫോടനമെന്ന്‌ സ്ഥിരീകരിച്ച് ഡിജിപി; സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിധ്യം, അക്രമണം ആസൂത്രിതം


Advertisement

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്.ദര്‍വേഷ് സാഹിബ്. ഐ.ഇ.ജി ആണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്നും കണ്ടെത്തി. ടിഫിന്‍ ബോക്‌സിനുള്ളിലാണ്‌ സ്‌ഫോടക വസ്തു വച്ചതെന്നും, സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിദ്ധ്യമുണ്ടെന്നും പോലീസ് അറിയിച്ചു. അപകടം ആസൂത്രിതമാണെന്നും, കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ധേഹം പറഞ്ഞു.

Advertisement

നിലവില്‍ എന്‍ഐഎ കൊച്ചി യൂണിറ്റും ഇന്റലിജന്‍സ് ബ്യൂറോ സംഘവും സംഭവലത്ത് പരിശോധന നടത്തുകയാണ്. സ്‌ഫോടനത്തില്‍ ഭീകരാക്രമണ സാധ്യത അന്വേഷണ ഏജന്‍സികള്‍ തള്ളിയിട്ടില്ല. ഇന്ന് രാവിലെ 9.45ഓടെയാണ് കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌. പരിക്കേറ്റ 35 പേരെയും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴു പേര്‍ ഐസിയുവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്.

Advertisement

രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രാര്‍ത്ഥന നടക്കുന്നിതിടെയായിരുന്നു സ്‌ഫോടനം. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ദുരന്തമുണ്ടായിരിക്കുന്നത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കളമശ്ശേരിയിലേക്ക് ഉടന്‍ എത്തും. ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം അവധിയിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തരോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Advertisement