പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഇരിങ്ങൽ സ്വദേശിക്ക് ആറ് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി


കൊയിലാണ്ടി: പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൽ നാസറിനാണ് (51) ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷ വിധിച്ചത്.

പോക്സോ, പട്ടികജാതി സംരക്ഷണ നിയമങ്ങൾ പ്രകാരമാണ് ശിക്ഷ. 2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പേരക്ക പറിക്കാനായി തന്റെ വീട്ടിലേക്ക് പ്രതി കുട്ടിയെ വിളിച്ചു വരുത്തുകയും തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.

പിന്നീട് പെൺകുട്ടി അമ്മയോട് കാര്യം തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വടകര ഡി.വൈ.എസ്.പി പ്രിൻസ് അബ്രഹാം ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ ഹാജരായി.