അർധരാത്രി വാതിൽ ചവിട്ടിപൊളിച്ച് അകത്തു കയറി അമ്മയേയും മകളെയും അപമാനിച്ചു, സ്കൂട്ടർ മോഷ്ടിച്ച് പുഴയിൽ തള്ളി; രണ്ട് കേസുകളിലായി ഉള്ളിയേരി സ്വദേശി റിമാൻഡിൽ


ഉള്ളിയേരി: പോർച്ചിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച് പുഴയിൽ തള്ളിയകേസിലും അതിക്രമിച്ചുകയറി അമ്മയെയും മകളെയും അപമാനിച്ച കേസിലും ഉള്ളിയേരി സ്വദേശിയായ യുവാവ് റിമാൻഡിൽ. തെരുവത്തുകടവിലെ വെള്ളറംവെള്ളി മീത്തൽ റാഷിദ് (30) നെയാണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്.

ഒക്ടോബർ 14-ന് അർധരാത്രിയാണ് സ്കൂട്ടർ കളവു പോകുന്നത്. ആയിരോളി അനുപയുടെ വീട്ടിൽനിന്നാണ് സ്കൂട്ടർ മോഷണംപോയത്. അത്തോളി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റാഷിദാണ് സ്കുട്ടർ മോഷ്ടിച്ചതെന്ന് കണ്ടെത്തി. 14 ദിവസത്തെ അവ്നേഷത്തിനൊുവിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനടുത്തുനിന്നും യുവാവിനെ പിടികൂടി. തുടർന്നുള്ള അവ്നേഷണത്തിൽ സ്കൂട്ടർ രാമൻപുഴയിൽനിന്ന്‌ പോലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ ജിതേഷ്, എസ്.ഐ. മുരളി എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അർധരാത്രിയിൽ മറ്റൊരുവീട്ടിലെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി ഗൃഹനാഥനെ മർദിച്ച് അമ്മയെയും മകളെയും അപമാനിച്ച മറ്റൊരു കേസും ഇയാളുടെ പേരിലുണ്ട്‌. അമ്മയെയും മകളെയും അപമാനിച്ച കേസ് ഈയിടെയാണ് അത്തോളി പോലീസ് രജിസ്റ്റർചെയ്തത്. തെരുവത്തുകടവിലെ ടെയ്‌ലർ ഷോപ്പിൽ കയറി തയ്യൽമെഷിനുകൾ മോഷ്ടിച്ച കേസിലും ഇയാൾ അന്വേഷണം നേരിടുന്നുണ്ട്.

Summary: insulted the mother and daughter, stole the scooter and threw it in the river; Ulliyeri native remanded in two cases