ട്രാന്‍സ് ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു


കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഗര്‍ഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്. ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികള്‍ ദത്തെടുക്കുന്നതിനെകുറിച്ച് ആലോചിച്ചെങ്കിലും അവര്‍ നേരിട്ട വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായതുകൊണ്ടുതന്നെ നിയമനടപടികള്‍ ഇരുവരുടേയും ആഗ്രഹത്തിന് തടസമായി മാറി.

പിന്നീടാണ് സഹദ് ഗര്‍ഭം ധരിക്കാമെന്ന ആശയം ഇരുവരിലേക്കും എത്തുന്നത്. സമൂഹം പറയാന്‍ പോകുന്ന പല കുത്തുവാക്കുകളേയും ഓര്‍ത്ത് ആദ്യം ആശങ്കപ്പെട്ടിരുന്നു. എന്നന്നേക്കുമായി ഉപേക്ഷിച്ച സ്ത്രീത്വത്തിലേക്ക് തിരിച്ച് പോരുക എന്നതും വെല്ലുവിളിയായിരുന്നു. എന്നാല്‍ കുഞ്ഞ് എന്ന അടങ്ങാത്ത ആഗ്രഹാണ് സഹദിനെ ആ തീരുമാനത്തിലെത്തിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകള്‍ക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്‌നമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചത്. സ്ത്രീയില്‍ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെങ്കിലും ഗര്‍ഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാര്‍ച്ച് 4നായിരുന്നു പ്രസവ തിയതി.

കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം. നര്‍ത്തകിയാണ് സിയ. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് സഹദ്.