‘അവർ പറന്നു പോകുന്നത് വരെ കാക്കണമെന്ന് പറഞ്ഞതല്ലേ, എടുത്തുകൊണ്ടുപോയത് മൂന്ന് ചാക്ക് നിറയെ ചോരക്കുഞ്ഞുങ്ങൾ, വല്ലാത്ത സങ്കടമായിപ്പോയി’; ദേശീയ പാതയ്ക്കായി മരം മുറിക്കലിലായി നഷ്ടമായത് നൂറോളം നീർക്കാക്ക കുഞ്ഞുങ്ങളുടെ ജീവൻ; കരാറുകാർക്കെതിരെ കേസ് (വീഡിയോ കാണാം)
മലപ്പുറം: കാക്കകൾക്കുൾപ്പെടെ പക്ഷികൾക്കൊന്നും ആ മരം വിട്ടു പോകാനായിട്ടില്ല ഇനിയും, പറന്നുയരുമെന്ന പ്രതീക്ഷകളോടെ നിന്ന സ്ഥലത്ത് തങ്ങളുടെ കുഞ്ഞുങ്ങളുടെ ചോരപുരണ്ട ജഡം വീണു കിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആ ദൃശ്യങ്ങൾ നാട്ടുകാർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. മലപ്പുറത്ത് ദേശീയ പാത വികസനത്തിനായി മരം മുറിച്ചപ്പോൾ ആണ് മരത്തിലുണ്ടായിരുന്ന നൂറോളം കാക്കകുഞ്ഞുങ്ങൾ ചത്തത്. കോഴിക്കോട് തൃശൂർ ദേശീയ പാതയിൽ വി.കെ പടിയിൽ ആണ് സംഭവം. കരാറുകാർക്കെതിരെ കേസെടുക്കാൻ വനം വകുപ്പ് തീരുമാനിച്ചു.
‘അവർ പറന്നു പോകുന്നത് വരെ കാക്കണമെന്ന് പറഞ്ഞിരുന്നതാണ്, പക്ഷി കുഞ്ഞുങ്ങൾ പറന്നു പോകാൻ ആവുന്നത് വരെ സമയം നൽകണമെന്നും പറഞ്ഞതാണെന്നും നാട്ടുകാർ പറയുന്നു. ‘നിറച്ച് കൂടുണ്ടായിരുന്നു, ഈ മരം വെട്ടി പക്ഷികുഞ്ഞുങ്ങൾ താഴെ വീണു കിടക്കുന്നത് കണ്ടിട്ടും വീണ്ടും കൂടുകളുള്ള സമീപത്തെ മാവും വെട്ടി. എല്ലാ വർഷങ്ങളിലും പക്ഷികളെത്തി ഈ മരങ്ങളിൽ കൂടു കൂട്ടാറുണ്ട്. എടുത്തുകൊണ്ടുപോയത് മൂന്ന് ചാക്ക് നിറയെ ചോരക്കുഞ്ഞുങ്ങൾ, വല്ലാത്ത സങ്കടമായിപ്പോയി’ അവർ കൂട്ടിച്ചേർത്തു.
മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശം പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു. വെള്ളിയാഴ്ച പ്രദേശവാസികളിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുക്കും. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുക. ഷെഡ്യൂൾ നാലിൽപ്പെട്ട നൂറോളം നീർക്കാക്ക കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.