ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ച പണം പലതവണ തിരികെ ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല; കണ്ണൂരില്‍ കടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ നിക്ഷേപതട്ടിപ്പെന്ന് സംശയം, സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു


Advertisement

കണ്ണൂര്‍: പള്ളിക്കുന്ന് ഇടച്ചേരി മുത്തന്‍ ക്ഷേത്രത്തിനു സമീപം റോഷിതയുടെ മൃതദേഹം കടലില്‍ നിന്നു കണ്ടെത്തിയ സംഭവത്തില്‍ യുവതി നിക്ഷേപ തട്ടിപ്പിന് ഇരയായതായി പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. താവക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ റോഷിത പണം നിക്ഷേപിച്ചിരുന്നു. ഇത് പിന്‍വലിക്കാന്‍ പലതവണ പോയിട്ടും കിട്ടാതായതോടെയാണ് യുവതി കടലില്‍ ചാടിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Advertisement

പണം പിന്‍വലിക്കാനായി ദിവസങ്ങള്‍ക്ക് മുമ്പ് റോഷി ധനകാര്യ സ്ഥാപനത്തിലേക്ക് പോയിരുന്നു. എന്നാല്‍ അവര്‍ പണം നല്‍കിയില്ല. വെള്ളിയാഴ്ച വീണ്ടും പോയപ്പോഴും ചിലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മടക്കി അയച്ചു. അന്ന് വൈകുന്നേരമാണ് യുവതിയുടെ മൃതദേഹം കടലില്‍ കണ്ടെത്തിയത്.

Advertisement

ജ്വല്ലറി ജീവനക്കാരിയായ രോഷിത വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂരിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ഇവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. ആറുലക്ഷം രൂപയുടെ ഇടപാടുകള്‍ റോഷിത നടത്തിയതായും സ്വര്‍ണപണമിടപാടുകളുള്ളതായും തെളിഞ്ഞിട്ടുണ്ട്.

താവക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഭര്‍ത്താവിന് ചിക്കന്‍ ഫാം തുടങ്ങാനായാണ് റോഷിത പണം പിന്‍വലിക്കാന്‍ പലതവണ ശ്രമിച്ചത്. പണവുമായേ തിരിച്ചുവരൂവെന്നും പണം കിട്ടിയില്ലെങ്കില്‍ തന്നെ ആരും പിന്നെ കാണില്ലെന്നും ഭര്‍ത്താവ് പ്രമിത്തിനോടും റോഷിത പറഞ്ഞിരുന്നു.

Advertisement

നിക്ഷേപിച്ച സ്ഥാപനത്തില്‍ നിന്നും പണംകിട്ടാതായതോടെ റോഷിത ചിലരോട് പണം വായ്പ ചോദിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇതിന് പിന്നാലെ പണം കിട്ടിയില്ലെന്നും തന്നെ ഇനി കാണില്ലെന്നും വെറുക്കരുതെന്നും സമൂഹമാധ്യമങ്ങളില്‍ സ്റ്റാറ്റസിട്ടതിനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സന്ദേശം അയച്ചിരുന്നു. തുടര്‍ന്നാണ് കടലില്‍ മൃതദേഹം കണ്ടെത്തിയത്.