വ്യാജ സൈറ്റ് വഴി വന്‍ നിക്ഷേപം; ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ കോഴിക്കോട്ടെ ബിസിനസുകാരന് നഷ്ടപ്പെട്ടത് 2.83 കോടി രൂപ


കോഴിക്കോട്: വ്യാജ സൈറ്റില്‍ നിക്ഷേപം നടത്തിയ കോഴിക്കോട്ടെ ബിസിനസുകാരന് 2.83 കോടി രൂപ നഷ്ടമായി. ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച ബിസിനസുകാരനാണ് ഓണ്‍ലൈന്‍ വഴി ഇത്രയും വലിയ തട്ടിപ്പിനിരയായത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ഇവരെ വിശ്വസിച്ച് ബിസിനസുകാരന്‍ വലിയ നിക്ഷേപം നടത്തുകയും ചെയ്തു.


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവര്‍ ലിങ്ക് അയച്ചുനല്‍കി ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ബിസിനസുകാരനെ വിശ്വസിപ്പിക്കുംവിധമുള്ള വിവരങ്ങളാണ് നല്‍കിയത്. യൂസര്‍ ഐ.ഡി. നല്‍കി ഒരു വെബ്‌സൈറ്റും ഇദ്ദേഹത്തെക്കൊണ്ട് ലോഗിന്‍ ചെയ്യിപ്പിച്ചു. ഇടുന്ന നിക്ഷേപത്തിന്റെയും ലാഭത്തിന്റെയുമൊക്കെ കണക്കുകള്‍ കൃത്യമായി വെബ്‌സൈറ്റില്‍ നല്‍കി. തട്ടിപ്പാണെന്ന് അറിയാതെ ബിസിനസുകാരന് 30 ഓളം തവണ വന്‍ നിക്ഷേപവും നടത്തി.

തുടര്‍ന്ന് പണം പിന്‍വലിക്കാന്‍ തുടങ്ങിയ ബിസിനസുകാരനോട് 80 ലക്ഷം രൂപ ടാക്‌സ് അടക്കണമെന്ന് പറഞ്ഞതോടെയാണ് സംശയം തുടങ്ങിയത്. പിന്നീട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇത്രയും വലിയ ഓണ്‍ലൈന്‍ തട്ടിപ്പ് കോഴിക്കോട് രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമായാണെന്ന് സൈബര്‍ പോലീസ് പറഞ്ഞു.