ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖ്, പിന്നീട് കണ്ടതേയില്ല; കോഴിക്കോടെ ഹോട്ടൽ ഉടമയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്


കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തിയിരുന്ന തിരൂർ സ്വദേശിയായ ഹോട്ടലുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖാണ് ആദ്യം മുറിയെടുത്തതെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന വിവരം. മേയ് 18-നാണ് ഇയാൾ ലോഡ്ജിൽ മുറിയെടുക്കുന്നത്. ഇതിനുശേഷമാണ് പ്രതികളായ ഷിബിലും ഫര്‍ഹാനയും ലോഡ്ജിലെത്തിയത്.

19-ാം തീയതി ലോഡ്ജില്‍നിന്ന് പോകുന്നതിന് മുന്‍പ് ഷിബിലും ഫര്‍ഹാനയും മുറിയില്‍നിന്ന് പുറത്തേക്ക് പോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 18-ാം തീയതി ലോഡ്ജ് മുറിയിലെത്തിയ സിദ്ദിഖിനെ പിന്നീട് പുറത്തേക്ക് കണ്ടിട്ടേയില്ലെന്നാണ് വിവരം. തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെ എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. 18 നോ അല്ലെങ്കിൽ 19 ആണ് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതും സിദ്ദിഖിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതിലും സംശയം തോന്നിയ കുടുംബം പോലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്. മേയ് 18-ാം തീയതി മുതല്‍ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് രണ്ട് ലക്ഷത്തോളം രൂപയാണ് പിന്‍വലിച്ചത്. ഇതുസംബന്ധിച്ച് മകന് സന്ദേശവും ലഭിച്ചിരുന്നു. മാത്രമല്ല, സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നതും സംശയത്തിനിടയാക്കി. ഇതോടെ സിദ്ദിഖിനെ കാണാനില്ലെന്ന് സ്ഥിരീകരിക്കുകയും കുടുംബം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖിന്റെ തിരോധാനത്തില്‍ ഇദ്ദേഹത്തിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിനും സുഹൃത്തായ ഫര്‍ഹാനയ്ക്കും പങ്കുള്ളതായി കണ്ടെത്തിയത്. ഹോട്ടല്‍മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും ചെന്നൈയിലേക്ക് കടന്നതായി മനസിലായതോടെ വിവരം ചെന്നൈ പോലീസിനെയും ആര്‍.പി.എഫിനെയും അറിയിച്ചു. ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍.പി.എഫ്. നടത്തിയ പരിശോധനയിലാണ് ഷിബിലും ഫര്‍ഹാനയും പിടിയിലായത്.

ലോഡ്ജ്മുറിയില്‍വെച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കിയാണ് പ്രതികള്‍ ഉപേക്ഷിച്ചത്. മേയ് 19-ന് സിദ്ദിഖിന്റെ കാറില്‍ ട്രോളി ബാഗുകളുമായി പ്രതികള്‍ ലോഡ്ജില്‍നിന്ന് പുറത്തേക്കിറങ്ങി. തുടര്‍ന്ന് അട്ടപ്പാടിയിലെത്തി ട്രോളി ബാഗുകള്‍ കൊക്കയിലിട്ടശേഷം ഷൊര്‍ണ്ണൂരില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് കടന്നതായാണ് നിഗമനം. സിദ്ദിഖിന്റെ കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട്.

ഷിബില്‍, ഫര്‍ഹാന, ഫര്‍ഹാനയുടെ സുഹൃത്തായ ചിക്കു എന്ന ആഷിഖ് എന്നിവരാണ് നിലവില്‍ സിദ്ദിഖ് കൊലക്കേസില്‍ അറസ്റ്റിലായവര്‍. മുഖ്യപ്രതികളായ ഷിബിലിനെയും ഫര്‍ഹാനയെയും ചെന്നൈയില്‍നിന്ന് തിരൂരില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്താലേ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങളില്‍ വ്യക്തതവരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.