തെങ്ങു മുറിഞ്ഞുവീണ് വീട് തകർന്നു; മേപ്പയ്യൂരില്‍ നാലം​ഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


മേപ്പയ്യൂർ: കായലാട് തെങ്ങുവീണ് വീട് തകർന്നു. കായലാട് ചെട്ടിവീട് കോളനിയിൽ താമസിക്കുന്ന ശിവദാസന്റെ ഷീറ്റിട്ട വീടാണ് തകർന്നത്. അപകടത്തിൽ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു. ഇന്നലെ പുലർച്ച 4.30 നാണ് സംഭവം.

വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞ് വീടിന് മുകളിൽ പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഷീറ്റു പൊട്ടി തെങ്ങിൻ കഷ്ണവും ഷീറ്റും താഴേക്ക് വീണു. ഈ സമയം വീട്ടിൽ ശിവദാസനും ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്നു. അപകടത്തിൽ നിസാരമായി പരിക്കേറ്റ ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അപകടത്തെ തുടർന്ന് തകർന്ന വീട് ഇന്നലെ തന്നെ പുനർനിർമ്മിച്ചു നൽകി. നാട്ടുകാരുടെ സ​ഹായത്തോടെ കുറഞ്ഞ സമയത്തിനുള്ളിലാണ് വീടിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചത്.