വരും മണിക്കൂറുകളില്‍ കാത്തിരിക്കുന്നത് അതിതീവ്ര മഴ; കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്


കോഴിക്കോട്: വരും മണിക്കൂറുകളില്‍ അതിതീവ്രമഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോടിന് പുറമെ മലപ്പുറം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോഡ് ഒഴികെ മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. വയനാട്, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടും പത്തനംതിട്ട മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കേരള തീരങ്ങളില്‍ നിന്നും സെപ്റ്റംബര്‍ എട്ട് വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും സെപ്റ്റംബര്‍ ഒമ്പത് വരെയും കര്‍ണാടക തീരങ്ങളില്‍ നിന്നും സെപ്റ്റംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

എന്താണ് റെഡ് അലർട്ട്?

ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഒടുവിലായാണു റെഡ് അലര്‍ട്ട് നല്‍കുക. 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഈ മേഖലകളിൽ ഉണ്ടാകും. 244.4 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്.

മണ്ണിടിച്ചലും ഉരുൾപൊട്ടലും ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏതൊരു സമയവും അധികൃതർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് പൂർണമായും നിരോധനമേര്‍പ്പെടുത്തും. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കില്ല.

വഴിയരികിലുള്ള അരുവികളിലോ പുഴകളിലോ ഇറങ്ങരുത്. സഞ്ചാരികളെ ഒഴിവാക്കി ഹിൽ സ്റ്റേഷനുകളും റിസോർട്ടുകളും അടക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന നിർദേശത്തിൽ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ജനങ്ങള്‍ ഏത് നിമിഷവും മാറി താമസിക്കാന്‍ സന്നദ്ധരായിരിക്കണം.

ഓറഞ്ച് അലർട്ട്

പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാം ഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്. ഈ മേഖലകളിൽ ജനങ്ങൾ പൂർണ ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം നല്‍കാറുണ്ട്. 124.5 മുതൽ 244.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലർട്ട് നല്‍കുന്നത്.

ഈ മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുള്ളതിനാൽ വഴിയോരങ്ങളിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതും കുളിക്കുന്നതും അധികൃതര്‍ വിലക്കാറുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ കഴിവതും മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

യെല്ലോ അലര്‍ട്ട്

മഴയുടെ ശക്തി വര്‍ധിച്ചു വരുമ്പോൾ തന്നെ നൽകുന്ന ആദ്യ ഘട്ട ജാഗ്രതാ നിർദ്ദേശമാണ് യെല്ലോ അലർട്ട്. മഴയുടെ ലഭ്യത 64.4 മുതൽ 124.4 മില്ലി മീറ്റർ വരെയാകുമ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുക. യെല്ലോ അലർട്ട് നല്‍കി കഴിഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ എപ്പോഴും ഇത് സംബന്ധിച്ച് അവര്‍ ജാഗരൂകരായിരിക്കണം. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകണം ഓരോനീക്കവും.