മികവുറ്റ ആരോഗ്യ സേവനങ്ങള്‍ ഇനി കൊയിലാണ്ടി നഗരസഭയിലും; ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രം ഉദ്ഘാടനം നാളെ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ മികവുറ്റ ആരോഗ്യ സേവനങ്ങള്‍ ലക്ഷ്യമാക്കി മൂന്ന് ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നു. ആയുഷ്മാന്‍ ഭാരത് അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ആണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
കൊല്ലം ബീച്ച് റോഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. എം.എല്‍.എ കാനത്തില്‍ ജമീലയുടെ അധ്യക്ഷതയില്‍ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ജനകീയ ആരോഗ്യ കേന്ദ്രം നാടിനായി സമര്‍പ്പിക്കും.
പ്രാഥമിക പരിശോധന, മരുന്ന് ആരോഗ്യ ഉപദേശം എന്നിവ സൗജന്യമായി പൊതുജനങ്ങള്‍ക്ക് അതത് പ്രദേശങ്ങളില്‍ തന്നെ ചികിത്സ ഉറപ്പാക്കലാണ് സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ പദ്ധതിയായ ഹെല്‍ത്ത് ഗ്രാന്റുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന ആരോഗ്യ സേവനങ്ങള്‍ വീടുകളിലെത്തിച്ച് സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ മുഖ്യ ലക്ഷ്യം.നഗരസഭയിലെ കൊയിലാണ്ടി തീരദേശ മേഖലയിലും പെരുവട്ടൂരിലുമാണ് മറ്റു രണ്ട് കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നത്.