‘ഹാപ്പി ബർത്ത ഡേ അൽവാരസ്‌’, ഫുട്ബോൾ പശ്ചാത്തലത്തിൽ പിറന്നാളാഘോഷം; കോഴിക്കോട്ടുകാരൻ കുഞ്ഞു അൽവാരസിനെ തേടി അർജന്റീനയിൽ നിന്നും ആശംസകൾ


കോഴിക്കോട്: ഹാപ്പി ബർത്ത ഡേ അൽവാരസ്‌, കുഞ്ഞ് അൽവാരസിന് ഇവിടെ മാത്രമല്ല അങ്ങ് അർജന്റീനയിൽ നിന്നുമുണ്ട് പിറന്നാൾ ആശംസകൾ. കടുത്ത അർജന്റീന ആരാധകനായ അൽവാരസിന്റെ അച്ഛനും അമ്മയും ചേർന്ന് നീലയും വെള്ളയും നിറത്തിൽ തീമൊരുക്കിയാണ് ആദ്യ പിറന്നാൾ ആഘോഷമാക്കിയത്. മെസി ലോക കിരീടത്തിൽ മുത്തമിടുന്ന ഫോട്ടോ ഉൾപ്പെടുന്ന പശ്ചാത്തത്തിലായിരുന്നു ആഘോഷം. പിറന്നാൾ കഴിഞ്ഞിട്ടും ആശംസകൾ അവസാനിച്ചില്ല. കടൽ കടന്ന് അർജന്റീനയിൽ നിന്നാണ് ആശംസകളെത്തുന്നത്.

ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോകൾ പങ്കുവെച്ചിരുന്നു. ഇതിലെ ചിത്രം അർജന്റീനയിലെ മാധ്യമവും ട്വീറ്റ് ചെയ്തതോടെയാണ് മെസിയുടെയും മറഡോണയുടെയും നാട്ടിൽ നിന്ന് ആശംസകൾ എത്തിത്തുടങ്ങിയത്. അർജന്റൈൻ ടിവി ചാനലായ ടിഎൻടി സ്‌പോർട്‌സാണ്‌ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്‌. ‘കുഞ്ഞ്‌ അൽവാരസ്‌’ എന്ന അടിക്കുറിപ്പോടെയാണ്‌ ട്വീറ്റ്‌. ഇതോടെ നാട്ടിൽ താരമായിരിക്കുകയാണ് കുഞ്ഞു അൽവാരസും കുടുംബവും.

ചൊവ്വാഴ്‌ചയായിരുന്നു അൽവാരസിന്റെ പിറന്നാൾ. ഫോട്ടോ 16ന് അ‌ർജന്റീന ഫാൻസ് കേരള ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലും പങ്കുവെച്ചു. തുടർന്നാണ് അർജന്റീനയിലെ മാധ്യമവും ചിത്രം പങ്കുവെക്കുന്നത്.

ലോകകിരീടം സ്വന്തമാക്കിയ ലയണൽ മെസി ഫുട്ബോൾ രാജാവാണെങ്കിൽ അർജന്റീനക്കാർക്ക് യുവരാജാവാണ് ഖത്തർ ലോകകപ്പിൽ നാല് ഗോളുകൾ നേടിയ ജൂലിയൻ അൽവാരസ്. അർജന്റീയോടും അൽവാരസിനോടും ഉള്ള ആരാധനയിൽ നിന്നാണ് ലെനീഷും ശ്രീതുവും മകന് അൽവാരസ് എന്ന് പേരിട്ടത്. ആദ്യമൊക്കെ പേരിനെക്കുറിച്ച്‌ ആളുകൾ ചോദിച്ചിരുന്നു. ലോകകപ്പിൽ നാലു ഗോളുമായി അൽവാരസ്‌ മിന്നിയതോടെ പേര്‌ ഹിറ്റായിയെന്ന് ലെനീഷ്‌ പറഞ്ഞു.

എലത്തൂർ സ്‌റ്റേഷനിലെ സിപിഒ ആണ്‌ കുട്ടിയുടെ അച്ഛൻ ലെനീഷ്‌. കുണ്ടൂപറമ്പ്‌ ആരോഗ്യ കേന്ദ്രത്തിലെ സ്‌റ്റാഫ്‌ നഴ്‌സാണ്‌ അമ്മ ശ്രീതു.

Summary: ‘Happy Bertha Day Alvarez’, a birthday celebration with a football background in kozhikode; Greetings from Argentina