പയ്യോളി നഗരസഭയില്‍ ഇനി ഹരിതപെരുമാറ്റചട്ടം; എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്
പയ്യോളി: നഗരസഭയിലെ എല്ലാ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളിലും, സ്‌കൂളുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഹരിത പെരുമാറ്റച്ചട്ടം നിര്‍ബ്ബന്ധമായി നടപ്പിലാക്കുന്നതിനും പാലിക്കുന്നതിനും നഗരസഭ ഓഫീസില്‍ വെച്ച് ചേര്‍ന്ന സ്ഥാപന മേധാവികളുടെ യോഗത്തില്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സ്ഥാപനങ്ങളില്‍ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് അനുയോജ്യമായ കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കും. അജൈവ പാഴ് വസ്തുക്കള്‍ തരം തിരിച്ച് ഹരിത കര്‍മ്മസേനക്ക് കൈമാറും. സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും ഹരിത ചട്ടം കര്‍ശനമായി പാലിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ നിര്‍ബന്ധമായും ഒഴിവാക്കും.
ജൂണ്‍ അഞ്ചിന് മുമ്പ് സ്ഥാപനങ്ങളും പരിസരവും ശുചീകരിക്കുകയും ജൈവ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുകയും മാലിന്യമുക്തമാക്കുകയും വേണം. മികച്ച രീതിയില്‍ മാലിന്യ പരിപാലനം നടത്തുകയും ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് ഗ്രേഡിംഗ് നടത്തുകയും മികച്ച രീതിയില്‍ മാലിന്യ പരിപാലനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പുരസ്‌ക്കാരം നല്‍കുകയും ചെയ്യും.
അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് നല്‍കേണ്ടതാണ്. മാലിന്യങ്ങള്‍ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
യോഗത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ ടി.പി. പ്രകാശന്‍ സ്വാഗതം പറഞ്ഞു. നഗരസഭ സെക്രട്ടറി എം.സുരേഷ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ബിന്ദുമോള്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. മേലടി എ.ഇ.ഒ വിനോദ്.പി, ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.സുനിത, കീഴൂര്‍ യു.പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സായി ലക്ഷ്മി, പയ്യോളി വില്ലേജ് ഓഫീസര്‍ സതീഷ് കുമാര്‍, വിവിധ സര്‍ക്കാര്‍ ഓഫീസ് മേധാവികള്‍, സ്‌കൂള്‍ പ്രധാന അദ്ധ്യാപകര്‍, ബാങ്ക് മാനേജര്‍മാര്‍, സ്വകാര്യ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. മെയ് 23 ന് പയ്യോളി ടൗണ്‍ ജനകീയ കൂട്ടായ്മയില്‍ ശുചീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.
നവകേരളം മാലിന്യമുക്തം ക്യാമ്പയിനിന്റെ ഭാഗമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് സംവിധാന മേര്‍പ്പെടുത്തേണ്ടതാണ്.