പിടിക്കപ്പെട്ടപ്പോൾ സ്വർണ്ണമില്ലെന്ന് മറുപടി, എക്‌സറേ പരിശോധനയിൽ കണ്ടെത്തിയത് നാല് ക്യാപ്സൂളുകൾ; 64 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ
മലപ്പുറം: ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ. . പാലക്കാട് ചീനിക്കോട് സ്വദേശി റഷീദി(28)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് 1.174 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായും ഇതിന് വിപണിയില്‍ 64 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണമിശ്രിതം കടത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ 3.15-ന് ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് റഷീദ് കരിപ്പൂരില്‍ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് സഹോദരനൊപ്പം കാറില്‍ പോകുന്നതിനിടെയാണ് പോലീസ് സംഘം റഷീദിനെ കസ്റ്റഡിയിലെടുത്തത്.
പ്രാഥമികചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ദേഹപരിശോധനയിലും ലഗേജുകളിലും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ എക്‌സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.
വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് പോകുന്നവഴി സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ വരുമെന്നായിരുന്നു റഷീദിന് ഷാര്‍ജയില്‍നിന്ന് ലഭിച്ച വിവരം. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിച്ച് തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂരില്‍ പോലീസ് പിടികൂടുന്ന 82-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
Summary: Gold smuggling:Youth arrested with gold worth Rs 64 lakh in Karipur