കരിപ്പൂരിൽ വായിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം; പരിശോധന പൂർത്തിയാക്കി ഇറങ്ങിയ യുവാവിനെ പിടികൂടിയത് രഹസ്യ വിവരത്തെത്തുടർന്ന്


കോഴിക്കോട്: കോഴിക്കോട് വായില്‍ ഒളിപ്പിച്ച്‌ സ്വർണ്ണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാസര്‍ഗോഡ് പെരുമ്ബള 2 സ്വദേശി അബ്ദുല്‍ അഫ്സല്‍ (24) ആണ് പിടിയിലായത്. സ്വര്‍ണം എട്ട് കഷണങ്ങളാക്കി വായില്‍ ഒളിപ്പിച്ച്‌ മാസ്ക് ധരിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

ഷാര്‍ജയില്‍ നിന്നെത്തിയ ഇ‍യാള്‍ 233 ഗ്രാം സ്വര്‍ണം വായില്‍ ഒളിപ്പിച്ചിരുന്നു. മാസ്ക് ധരിച്ച്‌ കസ്റ്റംസ് പരിശോധനയെല്ലാം പൂര്‍ത്തിയാക്കി ഇയാള്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍, ജില്ല പൊലീസ് മേധാവി എസ്.സുജിത് ദാസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്, പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മറ്റു രണ്ട് യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടി. ഇവരില്‍ ഒരാളെ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍ പൊലീസും ഒരു യാത്രക്കാരനെ കസ്റ്റംസും ആണ് പിടികൂടിയത്.