കൊടുത്തുവിട്ട സ്വർണ്ണം നാട്ടിലെത്തിയില്ല; പേരാമ്പ്ര സ്വദേശിയായ യുവാവിന് യുഎഇയിൽ  ക്വട്ടേഷൻസംഘത്തിന്റെ ക്രൂര മർദ്ദനം


പേരാമ്പ്ര: യു.എ.ഇ.യിലെ അജ്മാനിൽ യുവാവിനെ സ്വർണക്കടത്തുകാരുടെ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ചങ്ങരോത്ത് പുത്തലത്ത് മുഹമ്മദ് ജവാദിനെ(20)യാണ് അഞ്ചംഗ ക്വട്ടേഷൻസംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ക്രൂരമായി മർദിച്ചത്. നാലുദിവസംനീണ്ട പീഡനത്തിനൊടുവിൽ മുഹമ്മദ് ജവാദിനെ റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പോലീസെത്തിയാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മേയ് 28-ന് അർധരാത്രിയാണ് അജ്മാനിൽ മലയാളികളായ സംഘം മുഹമ്മദ് ജവാദിനെ തട്ടിക്കൊണ്ടുപോയത്. മുളിയങ്ങൽ വാളൂർ സ്വദേശിയായ യുവാവ് യുഎഇയിൽ നിന്ന് നാട്ടിലെത്തിക്കാമെന്നേറ്റ സ്വർണം കിട്ടാത്തതിന്റെ പേരിലായിരുന്നു മർദനം. 65 ലക്ഷത്തിന്റെ സ്വർണമുണ്ടായിരുന്നതായി പറയുന്നു.

വാളൂർ സ്വദേശി മുഹമ്മദ് ജവാദിന്റെ നേരത്തേയുള്ള പരിചയക്കാരനായിരുന്നു. അതിനാൽ ജവാദിനും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. ഒടുവിൽ തനിക്ക് ഇതുമായി ബന്ധമില്ലെന്ന് മനസ്സിലായപ്പോഴാണ് വിട്ടയച്ചതെന്ന് മുഹമ്മദ് ജവാദ് പറയുന്നു. നാട്ടിൽ തിരിച്ചെത്തിയശേഷം ജവാദ് നൽകിയ പരാതിയിൽ അഞ്ചുപേർക്കെതിരേ പെരുവണ്ണാമൂഴി പോലീസ് കേസെടുത്തിട്ടുണ്ട്.