വിസ്മയകാഴ്ച കാണാന്‍ ഒരുങ്ങിക്കോളൂ; ആകാശത്ത് ഇനി രണ്ടുനാള്‍ ‘മിഥുനക്കൊള്ളിമീന്‍’ സഞ്ചാരം


കോഴിക്കോട്: വാനനീരിക്ഷകര്‍ കാത്തിരുന്ന ആ ദിനം വന്നെത്തി. ആകാശത്തിനി രണ്ടു നാള്‍ മിഥുനക്കൊള്ളിമീനീന്റെ വിസ്മയ കാഴ്ചകള്‍. എല്ലാവര്‍ഷവും ഡിസംബര്‍ ആറു മുതല്‍ 17വരെയുള്ള ദിവസങ്ങളില്‍ കാണുന്ന ഉല്‍ക്കാപ്രവാഹമാണ് മിഥുനക്കൊള്ളിമീനുകള്‍ അഥവാ ജെമിനിഡ് ഉല്‍ക്കാപ്രവാഹം. ഫെയ്ത്ത് ഓണ്‍ 3200 എന്നറിയപ്പെടുന്ന ക്ഷുദ്രഗ്രഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇവ.

പ്രത്യേക നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ ഇവയുടെ പ്രവാഹം അമാവാസിയോട് അടുത്ത ദിവസമായതിനാല്‍ മേഘങ്ങളില്ലെങ്കില്‍ കൂടുതല്‍ മനോഹരമായി കാണാന്‍ സാധിക്കും. പ്രവാഹം നടക്കുന്ന ഭാഗത്ത് നിന്ന് ഏതാണ്ട് 40-45 ഡിഗ്രി അകലെ ഏതുഭാഗത്ത് നിന്നും ഇവ വ്യക്തമായി കാണാന്‍ സാധിക്കും.

ഇവ അതിന്റെ ഏറ്റവും പാരമ്യത്തിലെത്തുന്നത് ഡിസംബര്‍ 12 മുതല്‍ 14വരെയുള്ള ദിവസങ്ങളില്‍ പാതിരാത്രിക്ക് ശേഷമാണ്. കേരളത്തില്‍ നിന്ന് ഏറ്റവു മനോഹരമായി കാണാന്‍ കഴിയുന്ന ഉല്‍ക്കാപ്രവാഹങ്ങളില്‍ ഒന്നാണിത്.